ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ സെല്‍റ്റോസിന്റെ എക്‌സ് ലൈന്‍ വേരിയന്റ് പ്രദര്‍ശിപ്പിച്ചു. സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായാണ് എക്‌സ്‌ലൈന്‍ എത്തുന്നത്. പുറംമോടിയില്‍ പ്രകടമായ മാറ്റം വരുത്തിയും അകത്തളത്തില്‍ നേരിയ മാറ്റങ്ങളോടെയുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്. അടുത്ത മാസം ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ GTX+ വേരിയന്റാണ് സെല്‍റ്റോസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദം. ഈ വാഹനത്തിന് 16.65 ലക്ഷം രൂപ മുതല്‍ 17.85 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഈ വാഹനത്തിന്റെയും മുകളിലാണ് എക്‌സ്‌ലൈനിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ ഉയര്‍ന്ന വിലയും ഈ വാഹനത്തിന് പ്രതീക്ഷിക്കാം. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. 

സെല്‍റ്റോസിന്റെ മറ്റ് വേരിയന്റുകളെക്കാള്‍ പ്രകടമായ മാറ്റമാണ് ഈ വാഹനത്തിന്റെ ലുക്കില്‍ വരുത്തിയിട്ടുള്ളത്. ഡാര്‍ക്ക് ഗണ്‍മെറ്റല്‍ ഗ്രേ നിറമാണ് ഇതില്‍ പ്രധാനം. ഇതിനൊപ്പം ഗ്ലോസി ബ്ലാക്ക് ആക്‌സെന്റുകളും ഓറഞ്ച് നിറത്തിലുള്ള അലങ്കാരങ്ങളും എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക് ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ഹെഡ്‌ലാമ്പ്, ഡിസൈന്‍ മാറ്റമുള്ള ബമ്പര്‍, പുതിയ അലോയി, ബ്ലാക്ക് നിറത്തിലുള്ള റിയര്‍വ്യൂ മിറര്‍ എന്നിവ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.

കൂടുതല്‍ ഡാര്‍ക്ക് ആണെന്നത് ഒഴിച്ചാല്‍ അകത്തളത്തിന്റെ ഡിസൈന്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമാണ്. യു.വി.ഒ. കണക്ടഡ് കാര്‍ ഫീച്ചറുകളുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നിവ നിലവിലെ ഉയര്‍ന്ന വേരിയന്റില്‍ നിന്ന് കടംകൊണ്ടവയാണ്. സീറ്റുകളും മറ്റും കറുപ്പ് നിറത്തിലുള്ള തുകലില്‍ പൊതിഞ്ഞാണ് ഒരുക്കിയിട്ടുള്ളത് അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നുണ്ട്.

മെക്കാനിക്കലായി പുതുമകള്‍ നല്‍കാതെയായിരിക്കും സെല്‍റ്റോസ് എക്‌സ്‌ലൈന്‍ എത്തുകയെന്നാണ് വിവരം. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഈ മോഡലിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 138 ബി.എച്ച്.പി. പവറും 242 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Kia Seltos XLine Unveiled; Launch Next Year