കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായുടെ ഉപകമ്പനിയായ കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി എസ്പി2ഐ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ആദ്യ കിയ മോഡലിന്റെ പേര് ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചു. 'സെല്‍റ്റോസ്' എന്ന് പേരിട്ട എസ്.യു.വി മോഡലിന്റെ ഗ്ലോബല്‍ ലോഞ്ച് ജൂണ്‍ 20-ന് നടക്കും. ഈ വര്‍ഷം രണ്ടാംപകുതിയോടെ കിയ സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയിലുമെത്തും. 

ഗ്രീക്ക് പുരാണത്തില്‍നിന്നും ഹെര്‍ക്കുലീസിന്റെ മകനായ സെല്‍റ്റോസില്‍ നിന്നും (Celtos) പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യ മോഡലിന്റെ പേര് കിയ തിരഞ്ഞെടുത്തത്. Seltos എന്ന പേരിലെ ആദ്യ ലെറ്ററായ S സ്പീഡ്, സ്‌പോര്‍ട്ടിനെസ്, സ്‌ട്രെങ്ത്ത് എന്നിവയെ സൂചിപ്പിക്കുമെന്നും കിയ വ്യക്തമാക്കി. 

Kia seltos

കഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു എസ്പി കണ്‍സെപ്റ്റ് കിയ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് പ്രൊഡക്ഷന്‍ സ്‌പെക്ക് എത്തുന്നത്. ഇതിനോടകം പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം ഒറ്റനോട്ടത്തില്‍ റേഞ്ച് റോവര്‍ ഇവോക്കിനോട് സാമ്യം തോന്നുന്ന വാഹനമാണ് കിയ സെല്‍റ്റോസ് എസ്.യു.വി.  

ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്‌ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് എന്നിവ മുന്‍വശത്തെ ആകര്‍ഷകമാക്കും. 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്തമാക്കും. സ്‌പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന് നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കും. 

ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലായിരിക്കില്ലെന്നാണ് സൂചനകള്‍. അതേസമയം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറുകളായിരിക്കും. ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ ബോക്സിലും സെല്‍റ്റോസ് എത്തുമെന്നാണ് സൂചന. പരമാവധി 10 മുതല്‍ 15 ലക്ഷം രൂപയ്ക്കുള്ളില്‍ വിലയും പ്രതീക്ഷിക്കാം. 

seltos

Content Highlights; Kia Seltos, First Kia, Seltos