കിയ മോട്ടോഴ്‌സിന്റെ രാശിയാണ് സെല്‍റ്റോസ് എന്ന എസ്.യു.വി. കാരണം ഈ വാഹനത്തിലൂടെ തുടക്കം കുറിച്ച കിയ മോട്ടോഴ്‌സ് രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച് മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം വളര്‍ന്നിരിക്കുകയാണ്. ഈ മൂന്ന് ലക്ഷം വാഹനങ്ങളില്‍ രണ്ട് ലക്ഷവും സെല്‍റ്റോസ് ആണെന്നതാണ് കൗതുകം. സോണറ്റ്, കാര്‍ണിവല്‍ എന്നീ വാഹനങ്ങളാണ് ശേഷിക്കുന്ന ഒരു ലക്ഷം യൂണിറ്റുകള്‍.

ഇന്ത്യയിലെ വാഹന വിപണിയില്‍ കണക്ടഡ് കാറുകളുടെ സ്വാധീനം വളര്‍ന്നിട്ടുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കണക്ടഡ് കാറുകള്‍ കിയ മോട്ടോഴ്‌സില്‍ നിന്ന് മാത്രം നിരത്തുകളില്‍ എത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയതോടെ ഇന്ത്യയില്‍ അതിവേഗം വളരുന്ന വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി കിയ മോട്ടോഴ്‌സിനാണ്.

കിയ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയുടെ 66 ശതമാനവും സെല്‍റ്റോസിന്റെ സംഭാവനയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ സെല്‍റ്റോസിന്റെ വില്‍പ്പനയില്‍ 58 ശതമാനം ആളുകളും ഏറ്റവും ഉയര്‍ന്ന വകഭേദമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 35 ശതമാനം ആളുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ തിരഞ്ഞെടുത്തപ്പോള്‍ 45 ശതമാനം ഉപയോക്താക്കള്‍ ഡീസല്‍ മോഡലും തിരഞ്ഞെടുത്തതായാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നത് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കമ്പനിക്ക് കൂടുതല്‍ പ്രചോദനമാകുമെന്നാണ് കിയ മോട്ടോഴ്‌സിന്റെ മേധാവി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കിയ മോട്ടോഴ്‌സിന് സാധിച്ചിട്ടുണ്ട്. ഇതുവഴി കൂടുതല്‍ യുവ ഉപയോക്താക്കളെ ഒപ്പം നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കി കൂടുതല്‍ ഉപയോക്തക്കളെ സൃഷ്ടിക്കുമെന്നും കിയ അഭിപ്രായപ്പെടുന്നു.

കിയയുടെ കണക്ടഡ് കാറുകളുടെ വില്‍പ്പന പരിശോധിച്ചാല്‍ 78 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത് സെല്‍റ്റോസ് എസ്.യു.വിയാണ്. 19 ശതമാനം മാത്രമാണ് സോണറ്റ് എസ്.യു.വിയുടെ സംഭാവന. കണക്ടഡ് കാറുകള്‍ തിരഞ്ഞെടുക്കുന്നവരുടെ പ്രഥമ പരിഗണന HTX 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. സെല്‍റ്റോസ്, സോണറ്റ്, കാര്‍ണിവല്‍ എന്നീ മൂന്ന് വാഹനങ്ങളാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്.

Content Highlights: Kia Seltos Sales Cross 2 Lakh Units In Two Years