കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലായ സെല്‍റ്റോസിന്റെ നിര്‍മാണം ജൂലായ് 31 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 22 നാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുക. വര്‍ഷതോറൂം മൂന്ന് ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള ശേഷി അനന്തപൂര്‍ പ്ലാന്റിനുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് അനന്ത്പൂര്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് കിയ തുടക്കമിട്ടത്. 2019 ജനുവരി മുതല്‍ ട്രെയല്‍ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ആറ് മാസങ്ങള്‍ക്കിപ്പുറം വാണിജ്യാടിസ്ഥാനത്തിലുളള സെല്‍റ്റോസിന്റെ ഫൈനല്‍ പ്രൊഡക്ഷനും തുടങ്ങുകയാണ് കിയ. 

ജൂലായ് 16 മുതല്‍ തന്നെ സെല്‍റ്റോസിനുള്ള ബുക്കിങ് കിയ മോട്ടോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ ആറായിരത്തിലേറെ യൂണിറ്റിന്റെ ബുക്കിങ് നേടിയെടുക്കാനും സെല്‍റ്റോസിന് സാധിച്ചിരുന്നു.

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് സെല്‍റ്റോസിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് നിരത്തിലെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്. 

1.4 ലിറ്റര്‍ പെട്രോള്‍ ഡ്യുവല്‍ ക്ലച്ചിന് 16.2 കിലോമീറ്ററും മാനുവല്‍ മോഡലിന് 16.1 കിലോമീറ്ററുമാണ് കമ്പനി പറയുന്ന മൈലേജ്. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ മോഡലിന് 16.4 കിലോമീറ്ററും 1.5 ലിറ്റര്‍ സിവിടി മോഡലിന് 16.3 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഡീസല്‍ മോഡലിന് ഉയര്‍ന്ന മൈലേജാണ് കമ്പനി നല്‍കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡലിന് 20.8 കിലോമീറ്റര്‍ മൈലേജും 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന് 17.8 കിലോമീറ്റര്‍ മൈലേജും ലഭിക്കും. 

ഹ്യുണ്ടായ് ക്രേറ്റ, റെനോ കാപ്ച്ചര്‍, നിസാന്‍ കിക്ക്‌സ്, ടാറ്റ ഹാരിയര്‍ എന്നിവയാണ് സെല്‍റ്റോസിനെ കാത്തിരിക്കുന്ന പ്രധാന എതിരാളികള്‍. വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 10-16 ലക്ഷത്തിനുള്ളിലായിരിക്കും വിവിധ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചനകള്‍. 

Content Highlights; Kia Seltos production in india to commence on july 31, Seltos Production, First Kia model in india, Kia Seltos SUV