കിയയുടെ ഇന്ത്യന്‍ പ്രവേശനത്തിന് എതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ആദ്യ വാഹനത്തിന്റെ പേരും മറ്റുവിവരങ്ങളും പുറത്തായി. കണ്‍സെപ്റ്റ് എസ്പി എന്ന വിശേഷിപ്പിച്ചിരുന്ന ഈ വാഹനത്തിന്റെ യഥാര്‍ഥ പേര് സെല്‍റ്റോസ് എന്നാണെന്നാണ് അടുത്തിടെ പുറത്തായ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നത്. 

ഒറ്റനോട്ടത്തില്‍ ആഡംബര എസ്‌യുവിയായ റേഞ്ച് റോവര്‍ ഇവോക്കിനോട് സാമ്യം തോന്നുന്ന വാഹനമാണ് സെല്‍റ്റോസ്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മോടിപിടിപ്പിക്കുന്നതിനുള്ള ചെറിയ പൊടിക്കൈകള്‍ ഈ വാഹനത്തില്‍ പ്രയോഗിച്ചിട്ടുണ്ട്.

കോംപാക്ട് എസ്യുവി ശ്രേണിയിലാണ് ഈ വാഹനം എത്തുന്നതെങ്കിലും ഇന്ത്യയില്‍ ഈ ശ്രേണിയിലുള്ള വാഹനത്തെക്കാള്‍ വലിപ്പം സെല്‍റ്റോസിനുണ്ട്. ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ ലോവര്‍ പോര്‍ഷനിലെ നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് എന്നിവ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നുണ്ട്. 

Kia Seltos
Image Courtesy: www.autoblog.com

ഫൈവ് സ്‌പോക്ക് അലോയി വീലിലും ഡ്യുവല്‍ ടോണ്‍ നിറത്തിലുമാണ് സെല്‍റ്റോസിന്റെ മുന്തിയ വേരിയന്റ് എത്തുന്നത്. ഇതിന് പുറമെ, സ്പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന് നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ ചേര്‍ന്നാണ് സ്പോര്‍ട്ടി ഭാവം ഒരുക്കുന്നത്. 

ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലായിരിക്കില്ലെന്നാണ് സൂചനകള്‍. അതേസമയം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറുകളാണ്.

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ ബോക്‌സുകളിലുമെത്തുമെന്നാണ് ഈ വാഹനം എത്തുമെന്നാണ് സൂചന. 10 മുതല്‍ 16 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, ക്യാപ്ചര്‍, നിസാന്‍ കിക്സ് എന്നീ മോഡലുകളുമായി ഏറ്റുമുട്ടും.

Content Highlights: Kia Seltos Could Be The Name Of The Kia SP Concept