കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ മോഡലാണ് സെല്‍റ്റോസ്. ആഗസ്റ്റ് 22-ന് പുറത്തിറങ്ങാനിരിക്കുന്ന സെല്‍റ്റോസിന്റെ ബുക്കിങ് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ആരംഭിച്ചത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സെല്‍റ്റോസിന് ലഭിച്ചത്. രാജ്യത്തുടനീളം 6046 യൂണിറ്റ് ബുക്കിങ് ആദ്യ ദിവസം സെല്‍റ്റോസിനെ തേടിയെത്തി. ഇതില്‍ 1628 ബുക്കിങ് ഓണ്‍ലൈന്‍ വഴി ലഭിച്ചെന്നും ആദ്യദിനം രണ്ട് ലക്ഷത്തിലേറെ ഹിറ്റുകള്‍ വെബ്‌സൈറ്റില്‍ ലഭിച്ചതായും കിയ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള 160 സിറ്റികളിലായുള്ള 265 ടച്ച്‌പോയന്റുകള്‍ വഴിയാണ് സെല്‍റ്റോസിന്റെ വിപണനം. നിലവില്‍ 25,000 രൂപ ടോക്കണായി സ്വീകരിച്ചാണ് വാഹനത്തിനുള്ള ബുക്കിങ് തുടരുന്നത്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും. മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് സെല്‍റ്റോസ് കോംപാക്ട് എസ്.യു.വി വരുന്നത്.
ആകര്‍ഷകമായ സ്‌പോര്‍ട്ടി രൂപമാണ് സെല്‍റ്റോസിന്റെ പ്രധാന സവിശേഷത. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നീ ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ട്. 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.
Content Highlights; Kia seltos booking, Seltos SUV, Kia seltos