കിയ മോട്ടോഴ്‌സിന്റെ മൂന്നാമന്‍ എത്തിയത് ഇന്ത്യയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്കായിരുന്നു. എന്നാല്‍, അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ ശ്രേണിയില്‍ ശക്തമായ സാന്നിധ്യമായിരുന്നു സോണറ്റ് എന്ന കുഞ്ഞന്‍ എസ്.യു.വി. കോവിഡ് മഹാമാരി പിടിമുറുക്കിയിരുന്ന 2020-ലെ സെപ്റ്റംബര്‍ മാസത്തില്‍ വിപണിയില്‍ എത്തിയ ഈ വാഹനം നാല് മാസത്തിനുള്ളില്‍ 38,363 യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചത്. 

കഴിഞ്ഞ വര്‍ഷത്തെ കുതിപ്പ് 2021-ലും തുടരുകയാണ് കിയ സോണറ്റ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25000-ത്തില്‍ അധികം വാഹനം വിറ്റഴിച്ചാണ് കിയ ഈ വര്‍ഷം തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്നത്. കിയ മോട്ടോഴ്‌സിന്റെ റീ-ബ്രാന്റിങ്ങിന്റെ ഭാഗമായി പുത്തന്‍ ലോഗോയുമായി നിരത്തുകളില്‍ എത്താനാണ് കിയ സോണറ്റ് തയാറെടുക്കുന്നത്. പുതിയ ലോഗോ പതിപ്പിച്ച വാഹനം പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുടെ അകമ്പടിയില്‍ എത്തിയതോടെയാണ് ഈ വാഹനം വിപണിയില്‍ ശ്രദ്ധ നേടിയത്. നിരവധി സുരക്ഷ ഫീച്ചറുകള്‍ക്കൊപ്പം ആഡംബര വാഹനങ്ങളില്‍ പോലും നല്‍കിയിട്ടില്ലാത്ത 57-ഓളം കണക്ടിവിറ്റി ഫീച്ചറുകളുമായാണ് സോണറ്റ് എത്തിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ ചുണ്ടിക്കാട്ടുന്നത്. 

കിയയുടെ പ്രധാന എതിരാളി കൂടിയായ ഹ്യുണ്ടായിയുടെ വെന്യുവിലേതിന് സമാനമായ 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സോണറ്റുമെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ (ഐ.എ.ടി) എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sells More Than 25,000 Units Of Sonet SUV In Three Months