കിയ മോട്ടോഴ്‌സ് നിര്‍മിക്കുന്ന ആദ്യ ബാറ്ററി വാഹനമായ ഇ.വി.6-ന്റെ ആദ്യ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. കിയയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്‌സ് യുണൈറ്റഡ് അനുസരിച്ച് ഒരുങ്ങിയിട്ടുള്ള ഈ വാഹനം മാര്‍ച്ച് മാസത്തില്‍ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രകൃതിയുമായി ഇണങ്ങി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വാഹനമാണ് ഇ.വി.6 എന്ന ബാറ്ററി വാഹനമെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. 

ആഡംബര ക്രോസ് ഓവര്‍ വാഹനങ്ങള്‍ക്ക് സമാനമായ രൂപത്തിലാണ് ഇ.വി.6 ഒരുക്കിയിട്ടുള്ളത്. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ ഈ വാഹനത്തിന് കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. കിയ മോട്ടോഴ്‌സ് രൂപകല്‍പ്പന ചെയ്ത പുതിയ ഡിസൈന്‍ ഫിലോസഫിയില്‍ ഒരുങ്ങിയിട്ടുള്ള ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. 

റെഗുലര്‍ വാഹനങ്ങളില്‍ ടൈഗര്‍ നോസ് ഗ്രില്ലാണ് അലങ്കരമെങ്കില്‍ ടൈഗര്‍ ഫെയ്‌സ് ഡിസൈനിലാണ് ഇ.വി.6 ഒരുങ്ങിയിട്ടുള്ളത്. ഷാര്‍പ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, സ്ലീക്ക് ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വലിയ ബമ്പര്‍. ചെറിയ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. എയറോ ഡൈനാമിക കപ്പാസിറ്റി ഉയര്‍ത്തുന്ന രീതിയിലാണ് ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളത്. 

Kia EV6

പ്രീമിയം വാഹനങ്ങളെ വെല്ലുന്ന സ്റ്റൈലാണ് പിന്‍ഭാഗത്ത് ഒരുക്കിയിട്ടുള്ളത്. അല്‍പ്പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഹാച്ച്‌ഡോര്‍, ബമ്പറിന്റെ രണ്ട് വളങ്ങളെയും ബന്ധിപ്പിച്ചുള്ള ടെയ്ല്‍ലൈറ്റ്, ഹാച്ച്‌ഡോറിലൂടെ നീളുന്ന ക്രോമിയം സ്ട്രിപ്പ്, പുതിയ കിയ ബാഡ്ജിങ്ങ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്‍വശത്തെ സ്റ്റൈലിഷാക്കുന്നത്. അഞ്ച് സ്‌പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാണ് ഈ വാഹനത്തിന്റെ മറ്റൊരു സൗന്ദര്യം.

സമാനതകളില്ലാത്ത ആഡംബരത്തിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വലിയ എച്ച്.ഡി. ഓഡിയോ-വിഷ്വല്‍-നാവിഗേഷന്‍ സ്‌ക്രീന്‍, ഫ്‌ളോട്ടിങ്ങ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വിശാലമായ സ്‌റ്റോറേജ് സ്‌പേസ്, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്. കോക്പിറ്റ് മാതൃകയാണ് അകത്തളത്തിനുള്ളത്. 

Kia EV6

കിയയുടെ കൊറിയയിലേയും ജര്‍മനിയിലേയും അമേരിക്കയിലേയും ഡിസൈന്‍ സ്റ്റുഡിയോ സംയുക്തമായാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളതെന്നാണ് വിവരം. ഇതില്‍ നല്‍കിയിട്ടുള്ള ബാറ്ററിയുടെയും ഇലക്ട്രിക് മോട്ടോറിന്റെയും ശേഷിയും ഇത് നല്‍കുന്ന റേഞ്ചും സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. ഇ.വി.6 അവതരിപ്പിക്കുന്നതിനൊപ്പം ഈ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചനകള്‍.

Content Highlights: Kia's First Battery Electric Car Revealed With New Design Philosophy