കിയ കാരൻസ് ഡിസൈൻ സ്കെച്ച് | Photo: Kia Motors
ഇന്ത്യയിലെ കിയ ആരാധകരും എം.പി.വി. വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരും ഒരുപോലെ കാത്തിരിക്കുന്ന വാഹനമാണ് ഡിസംബര്‍ 16-ന് കിയയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന കാരന്‍സ് എന്ന എം.പി.വി. വാഹനത്തിന്റെ വരവറിയിച്ചുള്ള ടീസറുകള്‍ക്ക് പിന്നാലെ ഡിസൈന്‍ ശൈലി വെളിപ്പെടുത്തിയുള്ള സ്കെച്ചും ഇപ്പോള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. എക്സ്റ്റീരിയര്‍ ഡിസൈനും ഇന്റീരിയര്‍ ഫീച്ചറും വെളിപ്പെടുത്തിയുള്ളതാണ് കിയ പുറത്തുവിട്ട സ്കെച്ചുകള്‍.
കിയ മോട്ടോഴ്സിന്റെ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമിലാണ് കാരന്‍സ് എം.പി.വി. ഒരുങ്ങുന്നത്. ബോള്‍ഡ് ഡിസൈനിലുള്ള എക്സ്റ്റീരിയര്‍, ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകളും നല്‍കിയിട്ടുള്ള അകത്തളം എന്നിവയാണ് സ്കെച്ചില്‍ പ്രധാനമായും ഹൈലൈറ്റ് ചെയ്തിട്ടുള്ളത്. മൂന്നാം നിര സീറ്റുകള്‍ക്ക് പരമാവധി സ്പേസ് ഉറപ്പാക്കിയായിരിക്കും കാരന്‍സ് എത്തുകയെന്നാണ് വിവരം.

കിയയുടെ മറ്റ് വാഹനങ്ങള്‍ക്ക് സമാനമായി ബോള്‍ഡ് ആയിട്ടുള്ള ഡിസൈനായിരിക്കും കാരന്‍സിലും നല്‍കുക. കിയയുടെ സിഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പും ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകളും ഉള്‍പ്പെടെ ഹൈടെക് സ്റ്റൈലിങ്ങ് ഡീറ്റെയില്‍സാണ് എക്സ്റ്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്. എസ്.യു.വിയുടെ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ വശം ഒരുക്കിയിട്ടുള്ളത്. പിന്‍ഭാഗം മറ്റ് കിയ വാഹനങ്ങള്‍ക്ക് സമാനമായാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ആഡംബരമായ അകത്തളമാണെന്നാണ് സ്കെച്ച് നല്കുന്ന സൂചന. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകര്‍ഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷന്‍ സ്കെച്ചില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഡോര്‍ പാഡുകളില്‍ ക്രോം ഗാര്‍ണിഷുകള്‍ നല്‍കിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ സെല്‍റ്റോസിനും സോണറ്റിനും സമാനമായതാണ് കാരന്‍സിലും നല്‍കിയിട്ടുള്ളത്.

കിയ മോട്ടോഴ്സ് ഏറ്റവുമാദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് കാരന്‍സും ഒരുങ്ങിയിട്ടുള്ളത്. പ്രൊഡക്ഷന്‍ പതിപ്പിലേക്ക് എത്തുമ്പോള്‍ ലുക്കില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായിയുടെ അല്‍കസാര്‍, മഹീന്ദ്ര എക്സ്.യു.വി.700, ടാറ്റ സഫാരി തുടങ്ങിയ എസ്.യു.വികളും ഇന്ത്യന്‍ എം.പി.വി. ശ്രേണിയുടെ മേധാവികളില്‍ ഒന്നായ എര്‍ട്ടിഗയോടും ഈ വാഹനം മത്സരിക്കും.
മൂന്ന് നിരകളിലായി ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിലായിരിക്കും കിയയുടെ എം.പി.വി. ഒരുങ്ങുന്നത്. കിയയുടെ മറ്റ് മോഡലുകള്‍ക്ക് സമാനമായി മികച്ച സ്റ്റൈലും മികച്ച ഫീച്ചറുകളും ഈ വാഹനത്തിലും നല്‍കും. മെക്കാനിക്കല്‍ സംബന്ധമായി കൃത്യമായ വിവരം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷുകളിലും ഈ എം.പി.വിയെ പ്രതീക്ഷിക്കാം.
Content Highlights: Kia Reveals Official Sketches of Kia Carens, Kia Carens, Kia Motors, Kia Cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..