കിയ മോട്ടോഴ്‌സിന് ഇന്ത്യയിലേക്കുള്ള എന്‍ട്രി ഒരുക്കിയ വാഹനമാണ് സെല്‍റ്റോസ്. അതിവേഗം വളര്‍ന്ന ഈ വാഹനം ഇന്ന് ഏറ്റവുമധികം വിൽപനയുള്ള രണ്ടാമത്തെ മിഡ്-സൈസ് എസ്.യു.വിയാണ്. ലോകത്താകമാനം റീബ്രാന്റിങ്ങിന് ഒരുങ്ങുന്ന കിയ മോട്ടോഴ്‌സ് പുത്തന്‍ ലോഗോയിലും പുതിയ ലുക്കിലും കിയയുടെ സെല്‍റ്റോസിന്റെ ഗ്രാവിറ്റി എഡിഷന്‍ ഇന്ത്യന്‍ നിരത്തിലുമെത്തിക്കുന്നു. അടിമുടി മാറ്റങ്ങളുമായി ഏപ്രില്‍ 27-ന് ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. 

അടുത്തിടെയാണ് കിയയുടെ പുതിയ ലോഗോയും പരസ്യവാചകവും അവതരിപ്പിച്ചത്. മൂവ്‌മെന്റ് ദാറ്റ് ഇന്‍സ്പയേഴ്‌സ് എന്നാണ് കിയയുടെ പുതിയ പരസ്യ വാചകം. ഈ വാചകത്തിനും പുതിയ ലോഗോയ്ക്കുമൊപ്പം ആഗോളതലത്തില്‍ തന്നെ കിയയുടെ റീ ബ്രാന്‍ഡിങ്ങ് പ്രകൃയ പുരോഗമിക്കുകയാണ്. ഈ മാസം അവതരിപ്പിക്കുമെങ്കിലും ഗ്രാവിറ്റി എഡിഷന്‍ റീ ബ്രാന്റിങ്ങ് ക്യാംപയിന്റെ ഭാഗമാകുമോയെന്ന് കിയ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല.

കിയയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയില്‍ 2020 ജൂലൈയില്‍ എത്തിയ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനമാണ് ഗ്രാവിറ്റി പതിപ്പായി ഇന്ത്യയില്‍ എത്തുക. സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വാഹനമാണിത്. എന്നാല്‍, റെഗുലര്‍ മോഡലില്‍ നിന്ന് കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഗ്രാവിറ്റി എഡിഷന്‍ എത്തുക. പുതിയ ഡിസൈനിലുള്ള ഗ്രില്ലായിരിക്കും ഡിസൈനിങ്ങലെ പ്രധാന മാറ്റം.

Kia Seltos
കിയ സെല്‍റ്റോസ് ഗ്രീവിറ്റി എഡിഷന്‍ | Photo: Facebook/Kia.co.kr

വ്യത്യസ്തമായി ഡിസൈനില്‍ ഒരുങ്ങുന്ന 18 ഇഞ്ച് അലോയി വീല്‍, സില്‍വര്‍ ഫിനീഷിങ്ങ് റിയര്‍വ്യൂ മിററും ഡോര്‍ ഗാര്‍ണിഷും, കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന പുതിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റില്‍ പതിപ്പിക്കുന്ന കിയ ലോഗോ ഈ വാഹനത്തിന് പ്രധാനമായും മാറ്റമൊരുക്കും. അതേസമയം, അകത്തളത്തില്‍ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. ഉയര്‍ന്ന വേരിയന്റ് ആയതിനാല്‍ തന്നെ സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഇതില്‍ ഒരുങ്ങും.

മെക്കാനിക്കലായും മാറ്റം വരുത്താതെയാണ് സെല്‍റ്റോസ് ഗ്രാവിറ്റി എത്തുന്നത്. 115 ബി.എച്ച്.പി പവറും 144 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 140 ബി.എച്ച്.പി. പവറും 242 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115 ബി.എച്ച്.പി. പവറും 250 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സെല്‍റ്റോസിനുള്ളത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Source: India Car News

Content Highlights: Kia Motors To Launch Seltos Gravity Edition In India