ന്ത്യയിലെ വാഹനവിപണിയില്‍ ഒരു വര്‍ഷത്തെ പാരമ്പര്യം മാത്രമുള്ള ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. ഇന്ത്യയിലെ പ്രവര്‍ത്തനം വിജയത്തിലേക്ക് കുതിക്കുന്നത് കണക്കിലെടുത്ത്‌ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് കിയ. കിയ ഇന്ത്യയുടെ അനന്തപൂരിലെ പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപമെത്തിക്കുന്നത്. 

കൂടുതല്‍ എസ്‌യുവികള്‍ നിരത്തുകളിലെത്തിക്കുന്നതിനായി പ്ലാന്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി 54 മില്ല്യണ്‍ ഡോളറിന്റെ (എകദേശം 408 കോടി രൂപ) നിക്ഷേപമാണ് ആന്ധ്ര പ്രദേശിലെ ഈ പ്ലാന്റിലേക്ക് എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കിയ ഇന്ത്യ സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്ലാന്റിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കിയയുടെ അനന്ത്പൂര്‍ പ്ലാന്റിലെ ജീവനക്കാരില്‍ 85 ശതമാനവും ആ പ്രദേശങ്ങളില്‍ തന്നെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മിഡ-സൈസ് എസ്‌യുവി വാഹനമായ സെല്‍റ്റോസിലൂടെ കഴിഞ്ഞ വര്‍ഷമാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനമാരംഭിച്ചത്. ഈ വാഹനം വന്‍വിജയമായതിന് പിന്നാലെ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയ കാര്‍ണിവല്‍ എന്ന എംപിവിയും അവതരിപ്പിച്ചു. മാര്‍ച്ച് മുതലാണ് കാര്‍ണിവല്‍ നിരത്തുകളിലെത്തി തുടങ്ങിയത്. 

ഇന്ത്യയിലെ എസ്‌യുവി ശ്രേണിയില്‍ പിടിമുറുക്കിയിരിക്കുന്ന കിയ മോട്ടോഴ്‌സ് സോണറ്റ് എന്ന സബ് കോംപാക്ട് എസ്‌യുവിയാണ് ഇനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വരവ് നീട്ടിവെച്ചിരിക്കുന്ന ഈ വാഹനം വരുന്ന ഉത്സവ സീസണിന്റെ ഭാഗമായെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: Kia Motors To Invest 408 Crore Rupees In Anantapur Plant