മഹാമാരി കാലം ലോകത്താകമാനമുള്ള പല മേഖലകളിലും ഡിജിറ്റല്‍ വത്കരണത്തിന് വഴിവെച്ച കാലഘട്ടമായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വാഹന മേഖലയാണ്. ഡിജിറ്റലായി വാഹനം കാണുകയും ഓണ്‍ലൈന്‍ മുഖേന മറ്റ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് ഒടുവില്‍ വാഹനം വീട്ടുപടിക്കല്‍ എത്തുന്ന സംവിധാനം ഇന്ത്യയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമായി.

ഇന്ത്യയിലെ പുതുമുഖ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുമ്പ് തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിനൂതനമായ പുതിയ ഒരു സംവിധാനം കൂടി ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളില്‍ ആദ്യമായി വീഡിയോ ബെയ്‌സ്ഡ് ലൈവ് സെയില്‍സ് കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാമായ കിയ ഡിജി-കണക്ട് ആപ്പാണ് കിയ മോട്ടോഴ് ഒരുക്കിയിട്ടുള്ളത്. 

ഈ സംവിധാനത്തില്‍ ഉപയോക്താവിന്റെ സമീപത്തുള്ള ഡീലര്‍ഷിപ്പുമായി കണക്ട് ചെയ്യുകയും വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമിലൂടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്യും. മുഖാമുഖമുള്ള ഇടപാടുകളില്‍ കമ്പനിയുടെ പ്രതിനിധികള്‍ പാലിക്കുന്ന എല്ലാ മര്യാദകളും ഈ ലൈവ് വീഡിയോ ഇന്ററാക്ഷനില്‍ ഉറപ്പാക്കുമെന്നാണ് കിയ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ളത്. 

കൊറോണ മഹാമാരിയുടെ രണ്ടാം ഘട്ടമുണ്ടാക്കുന്ന വലിയ വിപത്തുകള്‍ കണക്കിലെടുത്ത് കോണ്ടാക്ട് ലെസ് ഇടപാടുകള്‍ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം ഉപയോക്താക്കള്‍ക്ക് മികച്ചതും പുരോഗമനപരവുമായി സേവനം ഉറപ്പാക്കുന്നതിനാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തന്നെ ആദ്യത്തെ കിയ ഡിജിറ്റല്‍ കണക്ട് സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് കിയ ഇന്ത്യയുടെ മേധാവി അറിയിച്ചു. 

കിയ ഡിജി കണക്ട് സംവിധാനത്തിലെ വീഡിയ കോണ്‍ഫറന്‍സിങ്ങിലൂടെ വാഹനം പൂര്‍ണമായും കണ്ട് അറിയാനും മറ്റുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, കിയ മോട്ടോഴ്‌സ് 360 ഡിഗ്രി വെര്‍ച്വല്‍ എക്‌സ്പീരിയന്‍സ് മുമ്പുതന്നെ നല്‍കിയിരുന്നു. പുതിയ സംവിധാനത്തില്‍ വാഹനം കാണുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി കൂടുതല്‍ ആളുകളെ വീഡിയോ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്താനും കഴിയും.

Content Highlights: Kia Motors Starts Video Based Live Sale Consultation Kia Digi-Connect App