കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനനിര്‍മാതാക്കളുടെ കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. ഇത്തരത്തില്‍ ഒണ്‍ലൈനില്‍ ബുക്കുചെയ്ത ആദ്യ വാഹനം ലോക്ക്ഡൗണ്‍ കാലത്തുതന്നെ ഉപയോക്താവിന് കൈമാറിയിരിക്കുകയാണ് ഇന്ത്യയിലെ പുതുമുഖ കമ്പനിയായ കിയ മോട്ടോഴ്‌സ്.
ഗുരുഗ്രാമിലാണ് കിയയുടെ ഡോര്‍ സ്‌റ്റെപ്പ് ഡെലിവറി സംവിധാനത്തിലുള്ള ആദ്യ സെല്‍റ്റോസ് നല്‍കിയത്. ലോക്ക്ഡൗണ്‍ കാലത്തുതന്നെ ബുക്കുചെയ്ത വാഹനമാണ് ഇപ്പോള്‍ കൈമറിയിരിക്കുന്നതെന്നാണ് സൂചന. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കിയുള്ള കൂടുതല്‍ ഇടപാടുകള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ഒരുക്കാനാണ് കിയയുടെ ശ്രമം.
ഒരു വാഹനം തിരഞ്ഞെടുക്കുന്നത് മുതല്‍ വീട്ടുപടിക്കല്‍ എത്തുന്നത് വരെയുള്ള എല്ലാ സ്റ്റെപ്പുകളും കിയ മോട്ടോഴ്‌സിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്. വാഹനം, വേരിയന്റ്, എന്‍ജിന്‍ ഓപ്ഷന്‍, കളര്‍, ഫീച്ചേഴ്‌സ്, മറ്റ് ആക്‌സസറികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ബുക്കിങ്ങിനൊപ്പം തന്നെ ഓണ്‍ലൈനില്‍ ഉറപ്പാക്കാന്‍ സാധിക്കും.
ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഒരു സമയം അനുവദിക്കുകയും ആ സമയത്ത് അണുവിമുക്തമാക്കിയ വാഹനവുമായി കിയയുടെ പ്രതിനിധി ഉപയോക്താവിനെ സമീപിക്കുകയും ചെയ്യും. വാഹനം ബുക്കുചെയ്താല്‍ കിയയുടെ പ്രതിനിധികള്‍ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഓണ്‍ലൈനില്‍ തന്നെ ഒരുക്കി നല്‍കുന്നുണ്ട്.
നിലവില്‍ സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നീ രണ്ട് മോഡലുകള്‍ മാത്രമാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ചിട്ടുള്ളത്. ഈ വാഹനങ്ങള്‍ ഓണ്‍ലൈനായി ബുക്കുചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യം നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്. കിയ സെല്‍റ്റോസിന് 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയും കാര്‍ണിവലിന് 24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
Content Highlights: Kia Motors Started Home Delivery; First Seltos Delivered In Gurugram