ന്ത്യന്‍ നിരത്തുകളില്‍ പുതുമോടി മാറിയിട്ടില്ലെങ്കിലും ചുരുങ്ങിയ കാലയളവില്‍ വലിയ സ്വീകാര്യത നേടിയിട്ടുള്ള കമ്പനിയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. ഇന്ത്യയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന കിയ മോട്ടോഴ്‌സ് ഇതിനകം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 2019 ഓഗസ്റ്റിലാണ് കിയ ഇന്ത്യയില്‍ എത്തുന്നത്. 

ഇന്ത്യയിലെത്തി ആദ്യ വര്‍ഷം തന്നെ രണ്ട് ലക്ഷം വാഹനങ്ങളാണ് കിയ നിരത്തുകളില്‍ എത്തിച്ചത്. കിയയില്‍നിന്ന് ആദ്യമെത്തിയ മോഡലായ സെല്‍റ്റോസാണ് ഈ നേട്ടത്തിന്റെ ഉയര്‍ന്ന പങ്കും വഹിച്ചിട്ടുള്ളത്. കിയയുടെ മൊത്തവില്‍പ്പനയുടെ 66 ശതമാനവും സെല്‍റ്റോസാണ് സമ്മാനിച്ചിരിക്കുന്നത്. 32 ശതമാനം കോംപാക്ട് എസ്.യു.വിയായ സോണറ്റിന്റെ സംഭാവനയാണ്. 7310 യൂണിറ്റ് കാര്‍ണിവലാണ് ഇതുവരെ വിറ്റഴിച്ചത്. 

പ്രതിസന്ധിയുടെ കാലഘട്ടത്തിലും വില്‍പ്പനയില്‍ ഈ നേട്ടമുണ്ടാക്കാന്‍ സാധിച്ചത് കമ്പനിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കിയ ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടിരിക്കുന്നത്. കിയുടെ സെയില്‍സ്, സര്‍വീസ് തുടങ്ങിയ വിഭാഗങ്ങള്‍ ഈ നേട്ടത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടര്‍ന്നും ഉപയോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് വാഹനങ്ങള്‍ എത്തിക്കുമെന്നും കിയ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നു.

Kia Sonet and Seltos

2021-ല്‍ മികച്ച തുടക്കമാണ് ഇന്ത്യയില്‍ കിയ മോട്ടോഴ്‌സിന് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. ജൂലൈയില്‍ മാത്രം 15016 യൂണിറ്റാണ് കിയയുടെ വില്‍പ്പന. 7675 യൂണിറ്റിന്റെ വില്‍പ്പനയോടെ സോണറ്റാണ് ജൂലൈയില്‍ തിളങ്ങിയ മോഡല്‍.

2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് എന്ന മോഡലുമായാണ് കിയ ഇന്ത്യന്‍ വാഹനവിപണിയില്‍ എത്തിയത്. ഇതിനുപിന്നാലെ സോണറ്റ്, കാര്‍ണിവല്‍ എന്നീ വാഹനങ്ങളും എത്തിക്കുകയായിരുന്നു. കിയയുടെ ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിലവിലെ 300 ടച്ച്‌പോയന്റുകളില്‍ നിന്ന് 360 ആയി സമീപഭാവിയില്‍ ഉയര്‍ത്തുമെന്നും കിയ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Kia Motors Sells Over 3 Lakhs vehicles In two Year