രു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. ഇന്ത്യന്‍ നിരത്തുകളില്‍ ഒരു ലക്ഷം കണക്ടഡ് കാറുകള്‍ എത്തിച്ചതാണ് കിയയുടെ റെക്കോഡുകളില്‍ ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെട്ടത്. കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്ന് കണക്ടഡ് കാറാണെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. 

കിയയുടെ മൊത്ത വില്‍പ്പനയുടെ 55 ശതമാനവും യുവോ കണക്ടഡ് കാര്‍ സാങ്കേതികവിദ്യയിലുള്ള വാഹനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍തന്നെ കിയ മോട്ടോഴ്‌സ് ആദ്യമായി ഇന്ത്യയിലെത്തിച്ച സെല്‍റ്റോസ് എന്ന മിഡ് സൈസ് എസ്.യു.വിയുടെ GTX പ്ലസ് 1.4 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലാണ്. 15 ശതമാനമാണ് ഈ വേരിയന്റിന്റെ വില്‍പ്പന.

മൂന്ന് വര്‍ഷത്തെ സൗജന്യ യുവോ കണക്ടഡ് സബ്‌സ്‌ക്രിപ്ഷനുമായാണ് കിയയുടെ ഓരോ വാഹനവും വില്‍ക്കുന്നത്. ഈ സംവിധാനത്തിലൂടെ 57 ഫീച്ചറുകളാണ് കിയ നല്‍കുന്നത്. റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, സ്‌റ്റോളന്‍ വെഹിക്കിള്‍ ഇമ്മൊബിലൈസേഷന്‍, ഓട്ടോ കൊളീഷന്‍ നോട്ടിഫിക്കേഷന്‍, റിമോട്ട് സ്മാര്‍ട്ട് പ്യുവര്‍ എയര്‍ ഓണ്‍, ലൈവ് കാര്‍ ട്രാക്കിങ്ങ് എന്നിവയാണ് ഇതില്‍ പ്രധാനം. 

സെല്‍റ്റോസ്, കാര്‍ണിവല്‍, സോണറ്റ് എന്നീ മൂന്ന് വാഹനങ്ങളാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഇന്ത്യയിലെത്തി ഒരു വര്‍ഷം തികയും മുമ്പ് ഒരു ലക്ഷം വാഹനം നിരത്തുകളില്‍ എത്തിച്ചായിരുന്നു കിയ കരുത്ത് തെളിയിച്ചത്. എം.പി.വി., മിഡ്-സൈസ് എസ്.യു.വി., കോംപാക്ട് എസ്.യു.വി എന്നീ ശ്രേണികളിലാണ് കിയ മോട്ടോഴ്‌സ് സാന്നിധ്യമറിയിച്ചിട്ടുള്ളത്. 

കിയ സോണറ്റ് മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും അഞ്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും, കിയ സെല്‍റ്റോസ് മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കൊപ്പം നാല് ട്രാന്‍സ്മിഷന്‍ പതിപ്പുകളുമായാണ് നിരത്തുകളില്‍ എത്തുന്നത്. അതേസമയം, ആഡംബര എം.പി.വിയായ കാര്‍ണിവല്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഏട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുമാണ് പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: Kia Motors Sells One Lakh Connected Cars In India