കിയയുടെ വാഹനങ്ങള്‍ക്കൊപ്പം പരസ്യങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനിന്ന ഒന്നാണ് യുവോ കണക്ട് സാങ്കേതികവിദ്യ. കിയയുടെ വാഹനങ്ങളെ കണക്ടഡ് കാറുകളാക്കി മാറ്റിയിരുന്നത് ഈ സംവിധാനമാണ്. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ കണക്ടിവിറ്റി സംവിധാനത്തിന്റെ പേര് കിയ മോട്ടോഴ്‌സ് മാറ്റുകയാണ്. മുമ്പുണ്ടായിരുന്ന യുവോ കണക്ട് എന്നതിന് പകരം ഇനി മുതല്‍ കിയ കണക്ട് എന്നായിരിക്കും ഇത് അറിയപ്പെടുകയെന്നാണ് സൂചനകള്‍. 

കണക്ടിവിറ്റി ഫീച്ചറുകളാണ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ പ്രധാനമായും ഒരുക്കുന്നത്. ഇതിനൊപ്പം നാവിഗേഷന്‍, ട്രാഫിക് പ്രെഡിക്ഷന്‍, ടെലിമാറ്റിക്‌സ് ആന്‍ഡ് അനലെറ്റിക്‌സ് തുടങ്ങിയ സംവിധാനങ്ങളാണ് കിയ കണക്ടില്‍ ഒരുക്കിയിരുന്നത്. കിയ വിദേശ വിപണികളില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ച കാര്‍ണിവല്‍, സെല്‍റ്റോസ്, സോണറ്റ് തുടങ്ങിയ മോഡലുകളുടെ ഉയര്‍ന്ന വേരിയന്റുകളിലും ഈ കണക്ടിവിറ്റി സംവിധാനം നല്‍കുന്നുണ്ട്.

കിയയുടെ ഓണ്‍-ബോര്‍ഡ് ആപ്പ് അധിഷ്ഠിത ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യയിലൂടെ ഉടമയ്ക്കും വാഹനത്തിന് തടസമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. പേര് മാറ്റലിലൂടെ ഈ സേവനങ്ങള്‍ ഒരിക്കല്‍ കൂടി കാര്യക്ഷമമാക്കുമെന്നും. കിയ കണക്ടിന്റെ മികച്ച സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സേവനങ്ങള്‍ നല്‍കുമെന്നും കിയ യുറോപ്പ്, കിയ കണക്ട് എന്നിവയുടെ മേധാവി ജാസണ്‍ ജോങ് ഉറപ്പുനല്‍കി.

സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും വാഹനത്തെ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് കിയ കണക്ട് ഉറപ്പാക്കുന്നത്. ട്രിപ്പ് ഡാറ്റ, ഡ്രൈവിങ്ങ് ശൈലി, വാഹനത്തിന്റെ അവസ്ഥ, ക്ലൈമറ്റ് കണ്‍ട്രോള്‍ ആക്ടിവേഷന്‍, റിമോട്ട് അണ്‍ലോക്ക്, ബ്ലൂടൂത്ത്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഉപയോഗം തുടങ്ങിയവാണ് ഇതില്‍ ലഭ്യമാക്കുന്നത്. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിന്റെ സ്റ്റാറ്റസും ഈ സാങ്കേതികവിദ്യയില്‍ ലഭ്യമാക്കും.

എന്നാല്‍, ഈ മാറ്റം യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങളില്‍ മാത്രമായിരിക്കുമെന്നും സൂചനയുണ്ട്. കൂടുതല്‍ നവീനമായ ഫീച്ചറുകളുടെ അകമ്പടിയോടെ മാറ്റം വരുത്തിയിട്ടുള്ള ആപ്ലിക്കേഷന്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നാണ് വിവരങ്ങള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ആപ്പിള്‍ ഫോണുകളില്‍ ആപ്പ് സ്‌റ്റോറിന്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Content Highlights: Kia Motors Rename UVO Connect As Kia Connect, Kia Connected Cars, Kia Motors