നിരത്തുകളിലെ പോരാട്ടത്തിന് കാഹളം മുഴക്കി കിയ സോണറ്റിന്റെ ആദ്യ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഇന്ത്യയിലേക്കും ആഗോള നിരത്തുകളിലേക്കുമുള്ള കിയ സോണറ്റ് ഓഗസ്റ്റ് ഏഴിന് അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കിയ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ സോണറ്റ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്നത്. 

വൈല്‍ഡ് ബൈ ഡിസൈന്‍ എന്ന തലക്കെട്ടോടെ 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറാണ് കിയ ഇന്ത്യയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സോണറ്റിന്റെ പിന്‍ഭാഗത്തെ ഡിസൈനും ഡിആര്‍എല്ലും ഒഴിച്ചുനിര്‍ത്തി മറ്റ് ഡിസൈന്‍ ശൈലികള്‍ വെളിപ്പെടുത്താതെയാണ് കിയ മോട്ടോഴ്‌സ് സോണറ്റിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 

അതേസമയം, കിയ സോണറ്റ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതനുസരിച്ച കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗമെന്നാണ് വിവരം.

ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിലുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫഌറും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

 

Content Highlights: Kia Motors Release Sonat Sub Compact SUV First Teaser Ahead Of Launch