ന്ത്യയിലെ വാഹന വിപണിയില്‍ വിരലില്‍ എണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് എം.പി.വി. ശ്രേണിയിലുള്ളത്. എര്‍ട്ടിഗ, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന ഈ ശ്രേണിയിലേക്ക് പുതിയ ഒരു വാഹനം എത്തിക്കാനുള്ള നീക്കത്തിലാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് എന്നാണ് വിവരം. 

അടുത്തിടെ കിയ മോട്ടോഴ്‌സ് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കായ കാരന്‍സ് എന്ന പേരിലായിരിക്കും ഇന്ത്യയിലേക്കുള്ള എം.പി.വി. മോഡല്‍ ഒരുങ്ങുകയെന്നും അഭ്യൂഹങ്ങളുണ്ട്. കിയ മോട്ടോഴ്‌സ് KY 7  കോഡ് നെയിമില്‍ നിര്‍മിക്കുന്ന എം.പി.വി. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ മോഡലിനായിരിക്കും കാരന്‍സ് എന്ന് പേര് നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ എസ്.യു.വികള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന എസ്.പി.2 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ എം.പി.വിയും ഒരുങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ നിരത്തുകളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ മോഡലുകളുമായായിരിക്കും പ്രധാനമായും മത്സരിക്കുക.

മൂന്ന് നിരകളിലായി ആറ് സീറ്റ, ഏഴ് സീറ്റ് ഓപ്ഷനുകളിലായിരിക്കും കിയയുടെ എം.പി.വി. ഒരുങ്ങുന്നത്. കിയയുടെ മറ്റ് മോഡലുകള്‍ക്ക് സമാനമായി മികച്ച സ്‌റ്റൈലും മികച്ച ഫീച്ചറുകളും ഈ വാഹനത്തിലും നല്‍കും. 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷുകളിലും ഈ എം.പി.വിയെ പ്രതീക്ഷിക്കാം.

Source: Team BHP

Content Highlights: Kia Motors Register Carens Name For New MPV, Kia MPV