കിയ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം നിരത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാനപ്പെട്ട 160 നഗരങ്ങളിലായി 192 ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കിയ മോട്ടോഴ്‌സ് അറിയിച്ചു.

കിയ ലിങ്ക് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഉപയോക്താക്കളുമായുള്ള ബന്ധപ്പെടലുകളും വില്‍പ്പനാനന്തര സേവനങ്ങളും മികച്ച രീതിയില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വാഹനങ്ങളുടെ പെര്‍ഫോമന്‍സ് സംബന്ധിച്ച വിവരങ്ങളും സര്‍വീസ് ഓര്‍മപ്പെടുത്തലുകളും ഡീലര്‍മാരുമായി നേരിട്ട് സംവദിക്കാനും ഉള്‍പ്പെടെയുള്ള സേവനങ്ങളും ആപ്ലിക്കേഷന്‍ മുഖേന ഉപയോക്താക്കളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഷോറൂമുകളിലെ നല്‍കിയിരിക്കുന്ന ആര്‍എഫ്‌ഐഡി സ്‌കാനര്‍ മുഖേന കാറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അനായാസം കണ്ടെത്താനും അത് കിയ ലിങ്ക് ആപ്ലിക്കേഷന്‍ വഴി ഉപയോക്താവിലെത്തിക്കാനും സാധിക്കും.

192 ഷോറൂമുകള്‍ക്ക് പുറമെ, നാല് പാര്‍ട്‌സ് ഡിസ്പാച്ച് കേന്ദ്രങ്ങളും കിയ തുറന്നിട്ടുണ്ട്. ചെന്നൈ, നവി മുംബൈ, ഡല്‍ഹി എന്‍സിആര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Content Highlights: Kia Motors Opens 192 Dealerships In 160 Cities