ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ സോണെറ്റ് അടുത്ത മാസം വിപണിയിലെത്തും. ഇന്ത്യയില്‍ ഏറ്റവും മത്സരം നേരിടുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്കാണ് ഈ വാഹനം എത്തുന്നത്. എന്നാല്‍, സോണറ്റിന് ശേഷം ഈ വര്‍ഷം പുതിയ മോഡല്‍ ഇല്ലെന്നാണ് വിവരം.

ഓരോ ആറ് മാസത്തിലും പുതിയ മോഡല്‍  നിരത്തുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കിയ ഇന്ത്യയിലെത്തുന്നത്. കിയയുടെ സെല്‍റ്റോസ് മുതല്‍ ഇനിയെത്താനിരിക്കുന്ന സോണെറ്റ് വരെ ഇത് സാധ്യമാക്കിയിട്ടുമുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ 2020-ല്‍ പുതിയ മോഡല്‍ എത്തിക്കുന്നില്ലെന്നാണ് കിയ മോട്ടോഴ്‌സ് അറിയിക്കുന്നത്. 

ഓരോ ആറു മാസവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും സോണെറ്റ് കഴിഞ്ഞാല്‍ ഈ സാമ്പത്തിക വര്‍ഷം പുതിയ മോഡലുകളുണ്ടാകില്ലെന്ന് കിയ മോട്ടോഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടാജിന്‍ പാര്‍ക്കും മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് തലവന്‍ മനോഹര്‍ ഭട്ടും പറഞ്ഞു.

ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് മെച്ചപ്പെട്ട വിപണിവിഹിതം ഉണ്ടാക്കാന്‍ കിയ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് മഹാമാരി കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ കുതിപ്പിന്റെ വേഗം കുറച്ചിട്ടുണ്ടെന്നും മനോഹര്‍ ഭട്ട് അഭിപ്രായപ്പെട്ടു. 

മികച്ച പ്രതീക്ഷയോടെയാണ് സോണെറ്റ് വിപണിയിലെത്തുന്നത്. ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ 6,500 ലേറെ ബുക്കിങ് ലഭിച്ചത് ശുഭസൂചനയായാണ് കണക്കാക്കുന്നത്. 1.2 ലിറ്ററിലെയും 1.0 ലിറ്ററിലെയും പെട്രോള്‍ എന്‍ജിനുകളിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണെറ്റ് എത്തുന്നത്. ഒട്ടേറെ അത്യാധുനിക ഫീച്ചറുകളോടെയാണ് വാഹനം അവതരിപ്പിക്കുന്നത്.

Content Highlights: Kia Motors New Model Is Next Year After The Sonet