കിയ സോണറ്റ് 7 | Photo: KIA Indonesia
ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന വാഹനമാണ് കിയ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള സോണറ്റ്. കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ വാഹനം ഒരു പൂര്‍ണ എസ്.യു.വിയായി മാറാനുള്ള നീക്കത്തിലാണ്. സോണറ്റ് 7 എന്ന പേരില്‍ ഏഴ് സീറ്റര്‍ എസ്.യു.വിയായാണ് സോണറ്റ് വളരുന്നത്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ സോണറ്റ് 7 ഇൻഡൊനീഷ്യന്‍ വിപണിയിലാണ് എത്തുന്നത്. ഈ മോഡല്‍ ഇന്ത്യയില്‍ ഉടനെ എത്തില്ലെന്നാണ് സൂചന.
മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാകത്തിന് നീളം കൂട്ടിയാണ് സോണറ്റ് 7 എത്തുന്നത്. 4120 എം.എം. ആയിരിക്കും ഈ മോഡലിന്റെ നീളം. അതായത് ഇന്ത്യയിലുള്ള സോണറ്റിനെക്കാള്‍ 125 എം.എം. അധികമായിരിക്കും സോണറ്റ് 7-ന്റെ നീളം. അതേസമയം, വീതി, ഉയരം, വീല്‍ബേസ് എന്നിവയില്‍ മാറ്റം വരുത്തിയേക്കില്ല. 1790 എം.എം. വീതിയിലും 1642 എം.എം. ഉയരവും 2500 എം.എം. വീല്‍ബേസുമായിരിക്കും സോണറ്റ് 7-ലും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാന്റേഡ്, സ്മാര്‍ട്ട്, ഡൈനാമിക്, പ്രീമിയര്‍ എന്നീ നാല് വേരിയന്റുകളിലായിരിക്കും സോണറ്റ് 7 എത്തുക. റെഗുലര്‍ സോണറ്റില്‍ നല്‍കിയിട്ടുള്ള ജി.ടി. ലൈന്‍ വകഭേദത്തില്‍ സോണറ്റ് 7 എത്തിയേക്കില്ല. റെഗുലര്‍ സോണറ്റിന്റെ ഡിസൈന്‍ ശൈലിയിലാണ് സോണറ്റ് 7-ഉം ഒരുങ്ങിയിട്ടുള്ളത്. സോണറ്റിന്റെ ഹൈലൈറ്റായ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവ സോണറ്റ് 7-ലും നല്‍കിയിട്ടുണ്ട്.
മൂന്ന് നിര സീറ്റുകള്‍ നല്‍കിയതാണ് അകത്തളത്തിലെ പ്രധാന മാറ്റം. മൂന്നാം നിരയില്‍ 50:50 സീറ്റുകളും രണ്ടാം നിരയില്‍ 60:40 സീറ്റുമാണ് നല്‍കിയിട്ടുള്ളത്. മൂന്നാം നിര സീറ്റ് മടക്കിയാല്‍ 392 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭ്യമാകും. ഇന്ത്യയിലുള്ള സോണറ്റില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടിവിറ്റി ഫീച്ചറുകള്‍, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയവയാണ് സോണറ്റ് 7-ലും ഒരുങ്ങിയിട്ടുള്ളത്.
കിയ മോട്ടോഴ്‌സിന്റെ 1.5 ലിറ്റര്‍ സ്മാര്‍ട്ട്‌സ്ട്രീം പെട്രോള്‍ എന്‍ജിനാണ് സോണറ്റ് 7-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 113 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ, ഇന്റിലിജെന്റ് വേരിബിള്‍ ട്രാന്‍സ്മിഷനോ ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുക. സുരക്ഷ സംവിധനങ്ങളും മറ്റും റെഗുലര്‍ സോണറ്റില്‍ നല്‍കിയിട്ടുള്ളതായിരിക്കും സോണറ്റ് 7-ലും നല്‍കുകയെന്നാണ് പ്രാഥമിക വിവരങ്ങള്‍.
Content Highlights: Kia Motors Launched Sonet 7 Seven Seater SUV In Indonesia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..