കിയയുടെ വാഹനങ്ങളെ അലങ്കരിക്കാന്‍ പുതിയ ലോഗോ ഒരുങ്ങുന്നു. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനായാണ് രണ്ട് പതിറ്റാണ്ടായി തുടരുന്ന ലോഗോയ്ക്ക് പകരം കിയ പുതിയത് നല്‍കാനൊരുങ്ങുന്നത്. 2020-ഓടെ കിയ വാഹനങ്ങളില്‍ പുതിയ ലോഗോ സ്ഥാനം പിടിച്ചേക്കും. 

1984 മുതലാണ് ഇപ്പോഴുള്ള ലോഗോ കിയയില്‍ ഉപയോഗിച്ച് തുടങ്ങുന്നത്. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതി, മുമ്പുണ്ടായിരുന്ന ലോഗോയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ഡിസൈനിങ്ങ് പൂര്‍ത്തിയാക്കിയ ലോഗോ കൊറിയയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നാണ്‌ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ 26-നാണ് ലോഗോ അംഗീകാരത്തിനയച്ചത്. 

2D ഡിസൈനില്‍ ചുവപ്പ്, കറുപ്പ് നിങ്ങളിലാണ് പുതിയ ലോഗോ ഒരുങ്ങിയിരിക്കുന്നത്. ഈ വര്‍ഷമാണ് കിയയുടെ വാഹനങ്ങള്‍ ഇന്ത്യയിലെത്തി തുടങ്ങിയത്. അംഗീകാരം ലഭിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുന്ന വാഹനങ്ങളിലും പുതിയ ലോഗോ സ്ഥാനം പിടിച്ചേക്കും.

2019-ലെ ജനീവ മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണ്‍ പുതിയ ലോഗോ അവതരിപ്പിച്ചിരുന്നു. ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയാണ് ഏറ്റവുമൊടുവില്‍ പുതിയ ലോഗോ വാഹനങ്ങളില്‍ നല്‍കിയത്. 2016-ലാണ് സ്‌കോഡയുടെ പുതിയ ലോഗോ ഒരുങ്ങിയത്.

Content Highlights: Kia Motors Introduce New Logo For It's Vehicles