ക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ 'കിയ', ഇന്ത്യയില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. ഒരു കാര്‍ നിര്‍മാണ കമ്പനിയെന്നതിലുപരി അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായിട്ടുള്ള സേവനദാതാവ് എന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോയും ബ്രാന്‍ഡ് വാക്യവും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

മേയ് ആദ്യവാരം പുതിയ ലോഗോ പതിപ്പിച്ചുള്ള കിയ സോണറ്റും സെല്‍റ്റോസും പുറത്തിറക്കും. പുതിയ ലോഗോയ്‌ക്കൊപ്പം വാഹനത്തില്‍ മറ്റ് പുതുമകള്‍ വരുത്തുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ കിയ മോട്ടോഴ്‌സ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇരു വാഹനങ്ങളിലും നേരിയ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍.

2019-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കിയ മോട്ടോഴ്‌സ് മൂന്ന് മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സെല്‍റ്റോസ് എന്ന മിഡ് സൈസ് എസ്.യു.വിയാണ് കിയ ഇന്ത്യയില്‍ എത്തിച്ച ആദ്യ വാഹനം. ഇതിനുപിന്നാലെ ആഡംബര എം.പി.വി. ശ്രേണിയില്‍ കാര്‍ണിവല്‍ അവതരിപ്പിക്കുകയും ചെയ്തു. ഏറ്റവുമൊടുവിലാണ് കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ സോണറ്റ് എന്ന മോഡല്‍ കിയ എത്തിക്കുന്നത്. 

2021-ല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കിയ മോട്ടോഴ്‌സ് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല. അതേസമയം, 2022 ല്‍ കിയയുടെ പുതിയ ഒരു എസ്.യു.വി. കൂടി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാഹന രംഗത്ത് പുത്തന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള ഗതാഗത സംവിധാനങ്ങളും കിയ മോട്ടോഴ്‌സ് വികസിപ്പിക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

Content Highlights: Kia Motors Introduce New Brand Logo For its Models