ന്ത്യന്‍ നിരത്തിലേക്ക് പ്രവേശനം കാത്തിരിക്കുന്ന കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ ട്രയല്‍ പ്രൊഡക്ഷന്‍ ഈ മാസം 29-ന് ആരംഭിക്കും. ഇതിന് ശേഷം ഈ വര്‍ഷം പകുതിയോടെ ഉത്പാദനം പൂര്‍ണമായി ആരംഭിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. 

ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നിര്‍മാണശാല ആരംഭിച്ചിരിക്കുന്നത്. ട്രയല്‍ പ്രൊഡക്ഷന്‍ ഉദ്ഘാടനം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. 

വെഹിക്കിള്‍ അസംബ്ലി യൂണിറ്റ്, ബോഡി പെയിന്റ് ഷോപ്പ്, എന്‍ജിന്‍ ഷോപ്പ്, സീറ്റ് അസംബ്ലി, പവര്‍ട്രയിന്‍ ഷോപ്പ്, യൂട്ടിലിറ്റി സെന്റര്‍ എന്നിവയ്ക്കുള്ള സംവിധാനങ്ങളാണ് കിയയുടെ പ്ലാന്റില്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കാനാകുമെന്നാണ് വിവരം.

ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നതില്‍ 90 ശതമാനം വാഹനങ്ങളും പ്രാദേശികമായി തന്നെ നിര്‍മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പത്ത് ശതമാനം ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. 

2021-ഓടെ രണ്ട് ബില്ല്യണ്‍ ഡോളറാണ് കിയ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതുവഴി 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നിലവില്‍ 3000 ആളുകള്‍ക്കാണ് കിയ തൊഴില്‍ നല്‍കിയിട്ടുള്ളത്. 

ഇന്ത്യന്‍ നിരത്തിലെ മികച്ച സാന്നിധ്യമായി ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് എന്നീ എസ്‌യുവികള്‍ക്കുള്ള എതിരാളിയായിരിക്കും കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Kia Motors India Trial Production To Begin Next Week