ലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാര്‍ ഉദ്യമത്തിന് കരുത്ത് പകര്‍ന്ന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. കിയയുടെ ആദ്യ ഇലക്ട്രിക് കാറായ സോള്‍ ഇവി ആന്ധ്രാപ്രദേശ് സര്‍ക്കാരിന് സമ്മാനിച്ചാണ് ഇലക്ട്രിക് കാര്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. 

കിയ മോട്ടോഴ്‌സിന്റെ അനന്തപുര്‍ പ്ലാന്റിലെ ട്രയല്‍ പ്രൊഡക്ഷന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഇലക്ട്രിക് കാറായ സോള്‍ ഇവി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കിയ എംഡി കെ.ഷിം കൈമാറിയത്. ഇലക്ട്രിക് കാര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്.

കിയ വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോള്‍ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.

Soul EV

2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.

എസ്പി2ഐ എസ്‌യുവിയിലൂടെ ഈ വര്‍ഷം പകുതിയോടെ കിയ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അനന്തപുര്‍ പ്ലാന്റിലെ ട്രയല്‍ പ്രൊഡക്ഷന്‍ ഇന്ന് ആരംഭിച്ചു. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങളാണ് ഈ പ്ലാന്റില്‍ നിര്‍മിക്കാന്‍ സാധിക്കുന്നത്.

Content Highlights: Kia Motors Hands Over Soul EV To Andhra Pradesh Government