ചില കളികള്‍ കാണാനും ചിലതു പഠിപ്പിക്കാനും കിയ വരികയായി. ഇന്ത്യയിലേക്ക് വരാനുള്ള ഒരുക്കം കൂട്ടലിലായിരുന്നു കൊറിയയില്‍ നിന്നുള്ള ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ. ഇന്ത്യന്‍ വിപണിയുടെ കുതിപ്പ് കുറച്ചു കണ്ടുനിന്ന  ശേഷമാണ് ആഘോഷമായുള്ള വരവിന് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഡെൽഹി ഓട്ടോ എക്‌സ്പോയില്‍ പതിനെട്ടിലധികം മോഡലുകളുമായി വന്ന് ഞെട്ടിച്ചുകൊണ്ടായിരുന്നു തുടക്കം.  2019-ല്‍ ആദ്യവാഹനം ഇന്ത്യയില്‍ നിന്നു തന്നെ പുറത്തിറക്കുമെന്ന പ്രഖ്യാപനവും നടത്തി. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ  കൈയഴിഞ്ഞ സഹായവുമായി ആന്ധ്രാ-കര്‍ണാടക അതിര്‍ത്തിയിലെ അനന്ത്പുരിൽ 536 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പ്ലാന്റില്‍ നിന്ന് ജൂണില്‍ ആദ്യവാഹനം പുറത്തിറക്കും. ഇന്ത്യയിലൊട്ടാകെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്ന പരിപാടിയിലാണിപ്പോള്‍ കമ്പനി.

kia cars

ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച എസ്.പി. കണ്‍സെപ്റ്റായിരിക്കും ആദ്യവാഹനം. പ്രീമിയം മിഡ്സൈസ് എസ്.യു.വി. വിഭാഗത്തിലാണ് എസ്.പി. 2 ഐ വരുന്നത്. പ്രധാന എതിരാളി ഹ്യുണ്ടായി ക്രേറ്റയായിരിക്കും. അനന്തപുര്‍ പ്ലാന്റിന് പരിസര പ്രദേശങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന എസ്.പി. 2 ഐയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ ഈ വേരിയന്റുകളിലില്ലാത്ത സൗകര്യങ്ങളായിരിക്കും എസ്.പി. 2 ഐയില്‍ വരികയെന്നാണ് കരുതുന്നത്. ഇന്‍ബില്‍ട്ട് വൈഫൈ, 360 ഡിഗ്രി ക്യാമറ എന്നിവ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. 

ഇന്ത്യന്‍ മാര്‍ക്കറ്റ് പ്രധാനമായും മാറുന്നത് വിലയിലും ഫീച്ചറിലുമായിരിക്കും. അവിടെയാണ് കമ്പനിയുടെ വിജയം വെളിവാക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഒരു വാഹനം എന്ന നിലയിലാണ് കിയ ഇന്ത്യന്‍ വിപണി കാണുന്നത്. കിയയുടെ കൊടിയടയാളമായ എം.പി.വി. കാര്‍ണിവെലും അതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഈ ഭീമന്‍ ഇന്ത്യയിലെത്തുക. പിന്നീട് ഇതുവരെ പേരിടാത്ത ചെറിയ എസ്.യു.വി. വരും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഇന്ത്യാ ഓട്ടോ എക്‌സ്പോയില്‍ ഇതിനെ പ്രഖ്യാപിക്കും. മധ്യത്തോടെ വിപണിയിലെത്തിക്കാനാണ് ശ്രമം. പിന്നീട് പ്രീമിയം ഹാച്ച് ബാക്കായ സീഡ് വരും.

carnival

2021 മധ്യത്തോടെ കിയയുടെ ക്രോസ് ഓവര്‍ വരും. എസ്.യു.വി. രൂപത്തോടെയുള്ള ആഡംബര വണ്ടിയായിരിക്കും ഇത്. പ്രീമിയം എസ്.യു.വിയായ സ്‌പോര്‍ട്ടേജായിരിക്കും 2021 അവസാനം വരുന്നത്. ഹ്യുണ്ടായുടെ ട്യൂസോണിനെ ലക്ഷ്യമിട്ടായിരിക്കും സ്‌പോര്‍ട്ടേജിന്റെ വരവ്. ഇന്ത്യയില്‍ തന്നെ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ വിലയിലായിരിക്കും സ്‌പോര്‍ട്ടേജിന്റെ കളി. ഇതാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കമ്പനിയുടെ ടൈംടേബിള്‍. അതേസമയം, വൈദ്യുത വാഹനരംഗത്തും വന്‍ പദ്ധതികള്‍ കിയയ്ക്കുണ്ട്. അതിലൊന്നാണ് നീറോ. ഇയ്യിടെ ഒരു കമ്പനി ആന്ധ്ര സർക്കാരിന് ഒരു നീറോ കാർ സമ്മാനിച്ചിരുന്നു.

kia

Content Highlights: kia motors getting ready for indian launch