കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സിന്റെ ഔദ്യോഗിക ലോഞ്ച് ഉടന്‍ നടക്കാനിരിക്കെ ഇന്ത്യയില്‍ കമ്പനിയുടെ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹാച്ച്ബാക്ക് മോഡല്‍ റിയോ, സ്റ്റിങ്ങര്‍ സെഡാന്‍ എന്നീ മോഡലുകളാണ് നോയിഡയിലെ ആദ്യ ഡീലര്‍ഷിപ്പില്‍ പ്രദര്‍ശനത്തിലുള്ളത്. 

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന എസ്പി എസ്.യു.വി കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലുള്ള എസ്പി 2i മോഡലാണ് കിയയില്‍ നിന്ന് ആദ്യം നിരത്തിലെത്തുക. പ്രീമിയം മിഡ്സൈസ് എസ്.യു.വി. വിഭാഗത്തിലാണ് എസ്.പി. 2i വരുന്നത്. 

Kia

രാജ്യത്തെ 35 സിറ്റികളിലാണ് ആദ്യ ഘട്ടത്തില്‍ കിയ ഡീലര്‍ഷിപ്പ് തുടങ്ങുന്നത്. ഇതിന്റെ ജോലികളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ കിയ ഡീലര്‍ഷിപ്പ് തുടങ്ങുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും ശൃംഖല വ്യാപിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. 

carnival

ആറുമാസത്തിനുള്ളില്‍ ഒരു വാഹനം എന്ന നിലയിലാണ് കിയ ഇന്ത്യന്‍ വിപണി കാണുന്നത്. കിയയുടെ കൊടിയടയാളമായ എം.പി.വി. കാര്‍ണിവെലും ഇന്ത്യയിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഈ ഭീമന്റെ വരവ്. പ്രീമിയം ഹാച്ച് ബാക്കായ സീഡ്, പ്രീമിയം എസ്.യു.വിയായ സ്‌പോര്‍ട്ടേജ് മോഡലുകളും കിയ ഇന്ത്യയില്‍ പുറത്തിറക്കും. വൈദ്യുത വാഹന രംഗത്തും ചുവടുറപ്പിക്കാന്‍ കിയ ലക്ഷ്യമിടുന്നുണ്ട്. 

kia

Content Highlights; Kia Motors first India dealership opens in Noida