കിയ ഇ.വി.6 പരീക്ഷണയോട്ടത്തിനിടെ | Photo: Power Drift
2024-ഓടെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സും ഹ്യുണ്ടായിയും സംയുക്തമായി ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള പദ്ധതികള്‍ ഒരുക്കുന്നതായി സൂചനകളുണ്ട്. ഇതിലേക്കുള്ള കിയ മോട്ടോഴ്സിന്റെ ആദ്യ സംഭാവനയാണ് അടുത്തിടെ പ്രദര്‍ശനത്തിനെത്തിച്ച ഇ.വി.6 എന്ന വാഹനം. കിയ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡലാകുന്ന ഇ.വി.6 മേയ് മാസത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കിയായിരിക്കും ഈ വാഹനത്തിന്റെ വില്‍പ്പനയെന്നാണ് വിവരം. അവതരണത്തിന് മുന്നോടിയായി ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കിയ മോട്ടോഴ്സ് നിര്‍മിക്കുന്ന ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയിലാണ് ഇ.വി.6 ഒരുങ്ങിയിട്ടുള്ളത്.
കിയയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അനുസരിച്ച് ഒരുങ്ങിയിട്ടുള്ള ഈ വാഹനം കാഴ്ചയില്‍ ആഡംബര ക്രോസ് ഓവര്‍ മോഡലുകള്‍ക്ക് സമാനമാണ്. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ ഈ വാഹനത്തിന് കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. ഓപ്പോസിറ്റ് യുണൈറ്റഡ് ഫിലോസഫിയില്‍ ഒരുങ്ങിയിട്ടുള്ള ആദ്യ ഇലക്ട്രിക് വാഹനമാണ് ഇ.വി.6 എന്നാണ് വിവരം.

സൂപ്പര്‍ കാറുകളോട് കിടപിടിക്കുന്ന മുഖസൗന്ദര്യമാണ് ഇ.വി.6-ല്‍ നല്‍കിയിട്ടുള്ളത്. ടൈഗര്‍ ഫെയ്സ് ഡിസൈന്‍ എന്നാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തിന്റെ മുന്‍വശത്തെ വിശേഷിപ്പിക്കുന്നത്. ഷാര്‍പ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, സ്ലീക്ക് ഡി.ആര്.എല്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വലിയ ബമ്പര്‍. ചെറിയ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. എയറോ ഡൈനാമിക കപ്പാസിറ്റി ഉയര്‍ത്തുന്ന രീതിയിലാണ് ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളത്.
പ്രീമിയം വാഹനങ്ങളെ വെല്ലുന്ന സ്റ്റൈലാണ് പിന്‍ഭാഗത്ത് ഒരുക്കിയിട്ടുള്ളത്. അല്‍പ്പം പുറത്തേക്ക് തള്ളി നില്ക്കുന്ന ഹാച്ച്ഡോര്‍, ഹാച്ച്ഡോറില്‍ ഉടനീളമെത്തുന്ന ആര്‍ച്ച് ഷേപ്പില്‍ നല്‍കിയിട്ടുള്ള ടെയ്ല്‍ലൈറ്റ്, ബൂട്ടില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, പുതിയ കിയ ബാഡ്ജിങ്ങ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്‍വശത്തെ സ്റ്റൈലിഷാക്കുന്നത്. അഞ്ച് സ്പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാണ് ഈ വാഹനത്തിന്റെ മറ്റൊരു സൗന്ദര്യം.
സമാനതകളില്ലാത്ത ആഡംബരത്തിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വലിയ എച്ച്.ഡി. ഓഡിയോ-വിഷ്വല്‍-നാവിഗേഷന്‍ സ്ക്രീന്‍, ഫ്ളോട്ടിങ്ങ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വിശാലമായ സ്റ്റോറേജ് സ്പേസ്, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്. കോക്പിറ്റ് മാതൃകയാണ് അകത്തളത്തിനുള്ളത്. മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
Source: Car and Bike, Image: PowerDrift
Content Highlights: Kia motors first electric vehicle EV6 unveil in may 2022, Kia EV6 Electric
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..