ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയില്‍ ശൈശവദശയിലാണ്. രണ്ട് മാസം എന്നത് ഒരു വാഹന നിര്‍മാണ കമ്പനിയെ സംബന്ധിച്ച് വിജയം തീരുമാനിക്കാന്‍ കഴിയുന്ന കാലയളവല്ല. എന്നാല്‍, കിയയുടെ കാര്യത്തില്‍ ഈ രണ്ട് മാസത്തില്‍ തന്നെ വിപണിയില്‍ വ്യക്തമായ സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു.

ഓഗസ്റ്റ് മാസമാണ് കിയ വിപണിയിലെ സാന്നിധ്യമായി തുടങ്ങിയത്. രണ്ടുമാസം പിന്നിടുന്നതോടെ കിയയുടെ ആദ്യ മോഡലായ സെല്‍റ്റോസിന്റെ 26,840 യൂണിറ്റാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളിലെ വമ്പന്‍മാരെ എല്ലാം പിന്നിലാക്കി 12,800 സെല്‍റ്റോസ് കഴിഞ്ഞ മാസം നിരത്തിലെത്തിയിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിലെ കണക്കനുസരിച്ച് കിയയുടെ ബുക്കിങ്ങ് 60,000 കടന്നിട്ടുണ്ട്. ഇതോടെ ഡെലിവറി വേഗത്തിലാക്കുന്നതിനായി വാഹന നിര്‍മാണത്തിന് വേഗം കൂട്ടിയിട്ടുണ്ടെന്നാണ് സൂചന. ഒരു വര്‍ഷം 30,0000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് കിയയുടെ ആന്ധ്രപ്രദേശ് അനന്തപൂരിലെ പ്ലാന്റിനുള്ളത്.

കിയ സെല്‍റ്റോസിന്റെ ഡിമാന്റ് എത്രകണ്ട് ഉയര്‍ന്നാലും ബുക്കിങ്ങ് നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. പകരം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി പ്ലാന്റിലെ എല്ലാം സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഇന്ത്യയിലെ വിപണിയില്‍ ഒരേ ശ്രേണിയിലേക്കുള്ള വാഹനങ്ങളുമായി ഒരു സമയത്തുതന്നെ എത്തിയ വാഹന നിര്‍മാതാക്കളാണ് കിയയും എംജിയും. എന്നാല്‍, 300000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ്, 160 നഗരങ്ങളിലായി 265 സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങി സര്‍വ്വ സജീകരണങ്ങളുമായാണ് കിയ ഓട്ടം തുടങ്ങിയിരിക്കുന്നത്.

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് സെല്‍റ്റോസെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, 6 സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Kia Motors; Fifth Largest Automobile Manufacturer In India