ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന് ഇന്ത്യയില്‍ ഏറ്റവമധികം ജനപ്രീതി നല്‍കിയ വാഹനങ്ങളാണ് സെല്‍റ്റോസ്, സോണറ്റ് എന്നീ മോഡലുകള്‍. നിരവധി ഫീച്ചറുകളുടെ അകമ്പടിയില്‍ പല വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ നിര അല്‍പ്പം ചുരുക്കാനുള്ള നീക്കത്തിലാണ് കിയ മോട്ടോഴ്‌സ്. സെല്‍റ്റോസിന്റെ ഒരു വേരിയന്റും സോണറ്റിന്റെ രണ്ട് വേരിയന്റുമാണ് വെട്ടിക്കുറയ്ക്കുന്നത് എന്നാണ് സൂചനകള്‍.

കിയയുടെ കോംപാക്ട് എസ്.യു.വി. മോഡലായ സോണറ്റിന്റെ HTK പ്ലസ് ഡി.സി.ടി. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പും HTK പ്ലസ് ഓട്ടോമാറ്റിക് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റുമാണ് ഉത്പാദനം നിര്‍ത്തുന്നതെന്നാണ് വിവരം. അതേസമയം, മിഡ് സൈസ് എസ്.യു.വിയായ സെല്‍റ്റോസിന്റെ HTX പ്ലസ് ഓട്ടോമാറ്റിക് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പുമാണ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ പകുതിയോടെ ഈ വേരിയന്റുകള്‍ ഒഴിവാക്കിയേക്കും.

ഈ വേരിയന്റുകള്‍ നിര്‍ത്തുന്നതിന് മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ ഇവയുടെ ബുക്കിങ്ങ് സ്വീകരിക്കുന്നത് നിര്‍ത്താന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന. മാര്‍ച്ച് അവസാനം വരെ ബുക്കുചെയ്തിട്ടുള്ളവ ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വേരിയന്റുകള്‍ നിര്‍ത്തുന്നതിന്റെ കാരണം മാധ്യമങ്ങള്‍ അന്വേഷിച്ചെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ കിയ മോട്ടോഴ്‌സ് തയാറായിട്ടില്ലെന്നാണ് വിവരങ്ങള്‍.

ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ വേരിയന്റുകളിലാണ് സോണറ്റ് എത്തിയിരുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമാണ് സോണറ്റിനുള്ളത്.

GTK, GTX, GTX+ എന്നീ പെട്രോള്‍ പതിപ്പുകളിലും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ പതിപ്പുകളിലുമാണ് സെല്‍റ്റോസ് എത്തുന്നത്. 115 ബി.എച്ച്.പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബി.എച്ച്.പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോപെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Source: NDTV Car and Bike

Content Highlights: Kia Motors Discontinues Some Variants Of Seltos and Sonet