ഇന്ത്യന്‍ നിരത്തുകളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയില്ലെങ്കില്‍ പോലും ജനങ്ങളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ നാമമാണ് കിയ. ആദ്യ വാഹനത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട കിയ മോട്ടോഴ്‌സ് മൂന്ന് വാഹനമെത്തിയതോടെ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് താണ്ടിയതിന്റെ ആഘോഷത്തിലാണ് ഈ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍.
ഇന്ത്യയില്‍ എത്തി വെറും 17 മാസത്തിനുള്ളില്‍ രണ്ട് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ചതാണ് കിയയുടെ കുതിപ്പിലെ ഏറ്റവുമൊടുവിലെ റെക്കോഡ്. കേവലം മൂന്ന് മോഡലുകളുടെ പിന്‍ബലത്തിലാണ് ഈ വില്‍പ്പന നേടിയത് എന്നുള്ളതാണ് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നത്. കിയയുടെ ആദ്യ വാഹനം ഇന്ത്യയിലെത്തി 11 മാസത്തിനുള്ളിലാണ് വില്‍പ്പനയില്‍ ഒരു ലക്ഷം കടന്നത്. അതിനുശേഷമുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. ആറ് മാസത്തിനുള്ളില്‍ അടുത്ത ഒരു ലക്ഷവും നിരത്തിലെത്തുകയായിരുന്നു.
സെല്‍റ്റോസ്, കാര്‍ണിവല്‍, സോണറ്റ് എന്നീ മൂന്ന് മോഡലുകളാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഈ മൂന്ന് മോഡലിന്റെയും ഏറ്റവും ഉയര്‍ന്ന വകഭേദമാണ് മൊത്ത വില്‍പ്പനയുടെ 60 ശതമാനവുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, കിയയുടെ യുവോ കണക്ട് സാങ്കിതികവിദ്യയിലുള്ള വാഹനങ്ങളാണ് വിറ്റഴിച്ചവയില്‍ 53 ശതമാനവും. നിരത്തിലെത്തിയ രണ്ട് ലക്ഷം കിയ വാഹനങ്ങളില്‍ 1.06 ലക്ഷം എണ്ണവും കണക്ടഡ് കാറുകളാണ്.
കിയയുടെ വില്‍പ്പനയില്‍ ഒന്നാമന്‍ സെല്‍റ്റോസാണ്. ഈ വാഹനത്തിന്റെ 1,49,428 യൂണിറ്റാണ് ഇതിനോടകം നിരത്തിലെത്തിയത്. കോംപാക്ട് എസ്.യു.വി മോഡലായ സോണറ്റിന്റെ 45,195 യൂണിറ്റും ആഡംബര എം.പി.വി.മോഡലായ കാര്‍ണിവലിന്റെ 5409 യൂണിറ്റുമാണ് വിറ്റഴിച്ചിട്ടുള്ളത്. സെല്‍റ്റോസിന് ലഭിച്ചതിന് സമാനമായ വരവേല്‍പ്പാണ് സോണറ്റിനും ലഭിച്ചിരിക്കുന്നത്. എന്നാല്‍, കാര്‍ണിവലിന്റെ വരവിന് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചെന്ന് കിയ തന്നെ വിലയിരുത്തിയിരുന്നു.
2019 ഓഗസ്റ്റിലാണ് കിയ ഇന്ത്യയുടെ ആദ്യ വാഹനമായി സെല്‍റ്റോസ് എത്തുന്നത്. ഇന്ത്യയില്‍ മികച്ച ഡിമാന്റുള്ള മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലാണ് സെല്‍റ്റോസ് എത്തിയത്. പുറത്തിറങ്ങി വെറും രണ്ട് മാസത്തിനുള്ളില്‍ പ്രധാന എതിരാളികള്‍ക്കൊപ്പം വളരാന്‍ ഈ വാഹനത്തിന് സാധിച്ചിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷം 2020-ന്റെ തുടക്കത്തില്‍ കാര്‍ണിവലും അവതരിപ്പിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സോണറ്റ് എന്ന കോംപാക്ട് എസ്.യു.വി.അവതരിപ്പിക്കുന്നത്.
Content Highlights: Kia Motors Achieve Two Lakh Sales In 17 Month Of Launch