ഇന്ത്യന്‍ നിരത്തുകളില്‍ ഹിറ്റായി കിയ. തുടക്കം മുതല്‍ മികച്ച വില്‍പ്പന സ്വന്തമാക്കിയിരുന്ന കിയ മോട്ടോഴ്‌സ് ഫെബ്രുവരി മാസത്തെ വില്‍പ്പനയോടെ രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കള്‍ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ്. 

സെല്‍റ്റോസിന്റെ വരവോടെ നിരത്തുപിടിച്ച കിയ മോട്ടോഴ്‌സ് കാര്‍ണിവല്‍ കൂടി എത്തിയതോടെ കൂടുതല്‍ കരുത്തരായിരിക്കുകയാണ്. ഫെബ്രുവരിയില്‍ വാഹനവില്‍പ്പന കണക്കനുസരിച്ച് 14,024 യൂണിറ്റ് സെല്‍റ്റോസും 1620 യൂണിറ്റ് കാര്‍ണിവലും ഉള്‍പ്പെടെ  15644 വാഹനങ്ങളാണ് കിയ നിരത്തിലെത്തിച്ചത്. ഫെബ്രുവരിയിലാണ് കര്‍ണിവല്‍ അവതരിപ്പിച്ചത്. 

ജനുവരിയിലെ വില്‍പ്പനയെക്കാള്‍ 1.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫെബ്രുവരിയില്‍ കിയ മോട്ടോഴ്‌സിന് ഉണ്ടായിരിക്കുന്നത്. 2019 ഓഗസ്റ്റിലാണ് കിയ ഇന്ത്യയില്‍ എത്തുന്നത്. ആദ്യമെത്തിയ സെല്‍റ്റോസും എസ്‌യുവി ശ്രേണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോള്‍ രണ്ടാം മോഡലും കൂടിയെത്തിയതോടെ കിയ കൂടുതല്‍ കരുത്തരാകുകയാണ്. 

എസ്‌യുവി ശ്രേണിയിലേക്കാണ് കിയ സെല്‍റ്റോസ് എന്ന വാഹനത്തെ അവതരിപ്പിച്ചത്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് എത്തിയിട്ടുള്ളത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും. 

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കിയ കാര്‍ണിവല്‍ എത്തുന്നത്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് ഈ എംപിവി ലഭ്യമാകുക. ഏഴ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കുക. മധ്യനിരയില്‍ ലക്ഷ്വറി വിഐപി സീറ്റ് ഓപ്ഷണലാണ്. എട്ട് സീറ്ററില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഒമ്പത് സീറ്ററില്‍ ആറ് ക്യാപ്റ്റന്‍ സീറ്റുമാണുള്ളത്. 

2.2 ലിറ്റര്‍ വിജിടി ബിഎസ്-6 ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്തേകുന്നത്. ഇത് 197 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റികാണ് ട്രാന്‍സ്മിഷന്‍. 13.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

Content Highlights: Kia Motors Achieve Record Sale In February, Kia Carnival And Kia Seltos