സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം പകുതിയോടെ കോംപാക്ട് എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തില്‍ പ്രവേശിക്കുന്ന കിയ ഓരോ ആറ് മാസത്തിലും പുതിയ മോഡല്‍ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെത്തിക്കുന്ന എംപിവി, എസ്‌യുവി മോഡലുകളുടെ വിവരം കമ്പനി വെളിപ്പെടുത്തിയെങ്കിലും ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയിലെത്തിക്കാന്‍ കിയ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ ഹാച്ച്ബാക്ക് മോഡല്‍ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
ഇന്റര്‍നാഷണല്‍ മോഡലായ റിയോ എന്ന ഹാച്ച്ബാക്ക് ആയിരിക്കും കിയ ഇന്ത്യയില്‍ എത്തിക്കുക. ഹ്യുണ്ടായിയുടെ വെര്‍ണയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഈ വാഹനം മാരുതി ബലേനൊയിക്കും ഹ്യുണ്ടായി ഐ20-ക്കും ഒത്ത എതിരാളിയാകും.
സാധാരണ വാഹനങ്ങള്‍ക്ക് പുറമെ, സാങ്കേതികവിദ്യയിലൂന്നിയ ഹൈബ്രിഡ്, മൈല്‍ഡ്-ഹൈബ്രിഡ്, ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ കാറുകളും ഇന്ത്യയിലെ വാഹന വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കിയ മോട്ടോഴ്‌സ്.
മാതൃരാജ്യമായ സൗത്ത് കൊറിയയില്‍ 25 മോഡലുകളാണ് കിയയ്ക്കുള്ളത്. ഇതില്‍ ഇന്ത്യയില്‍ ഏറ്റവും ഡിമാന്റുള്ള എസ്‌യുവി, എംപിവി ശ്രേണിയിലുള്ള വാഹനങ്ങളും സെഡാനും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
Content Highlights: Kia Might Launch A Hatchback If Indian Customers Demand