കിയ മോട്ടോഴ്‌സിന്റെ എംപിവി മോഡലായ കാര്‍ണിവല്‍ തലമുറ മാറ്റത്തിനൊരുങ്ങുകയാണ്. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ആഗോള നിരത്തുകളിലെത്താനൊരുങ്ങുന്ന പുതിയ കാര്‍ണിവലിന്റെ ഡിസൈനും ഫീച്ചറുകളും എന്‍ജിനും സംബന്ധിച്ച വിവരങ്ങള്‍ കിയ വെളിപ്പെടുത്തി. 2021-ല്‍ മറ്റ് വിപണികളില്‍ എത്തുമെങ്കിലും ഈ മോഡല്‍ 2022-ഓടെ മാത്രമേ ഇന്ത്യയിലെത്തൂ.

ഡിസൈനില്‍ കാര്യമായ അഴിച്ചുപണി നടത്തിയാണ് കാര്‍ണിവല്‍ എത്തുന്നത്. മുഖഭാവത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച പുതിയ ഗ്രില്ല്, നേര്‍ത്ത ഡിസൈനില്‍ എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലൈറ്റ്, പുതിയ ഡിആര്‍എല്‍, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റും നല്‍കിയ ബംമ്പര്‍, നീളത്തിലുള്ള ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്‍വശത്തെ പുതുമ.

പുതിയ അലോയി വീലാണ് സൈഡ് വ്യൂവിലെ പ്രധാന മാറ്റം. ഇതിനുപുറമെ, രൂപമാറ്റം വരുത്തിയ റിയര്‍വ്യു മിറര്‍, ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള റണ്ണിങ്ങ് ബോര്‍ഡ്, സ്‌പോര്‍ട്ടി ഭാവമുള്ള റൂഫ് റെയില്‍ എന്നിവ വശങ്ങളിലെ കാഴ്ചയില്‍ കാര്‍ണിവലിന് അഴകേകുന്നവയാണ്. ഡോര്‍ മുന്‍ മോഡലിലേത് പോലെ പിന്നിലേക്ക് സ്ലൈഡ് ചെയ്യുന്നവയാണ്. 

ലളിതമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുണ്ടെന്നതാണ് പിന്‍വശത്തിന്റെ പ്രത്യേകത. ഹാച്ച്‌ഡോറില്‍ മുഴുവനായി നീളുന്ന ടെയ്ല്‍ലാമ്പ്, പുതിയ ഡിസൈനിലുള്ള കാര്‍ണിവല്‍ ബാഡ്ജിങ്ങ്, കുഴിഞ്ഞ ഡോര്‍ ഹാന്‍ഡില്‍, ബംമ്പറിലേക്ക് സ്ഥാനം മാറിയ റിവേഴ്‌സ് ലൈറ്റും റിഫഌക്ഷനും സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് പിന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 

Kia Carnival
Image Courtesy: Kia Motors Global

12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായിരിക്കും അകത്തളത്തിന് ആഡംബര ഭാവം നല്‍കുക. ഇതിനൊപ്പം കാറിലെ സിസ്റ്റത്തിലൂടെയും സ്മാര്‍ട്ട് ഫോണിലൂടെയും ലൈവ് ടെലിമാറ്റിക് ഇന്‍ഫോര്‍മേഷന്‍ നല്‍കുന്ന സാങ്കേതികവിദ്യയും കാര്‍ണിവലില്‍ നല്‍കും. സിസ്റ്റവുമായി ഒരേ സമയം രണ്ട് ഫോണുകള്‍ കണക്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നുണ്ട്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ കാര്‍ണിവല്‍ എത്തുന്നത്. 290 ബിഎച്ച്പിയും 355 എന്‍എം ടോര്‍ക്കുമേകുന്ന 3.5 ലിറ്റര്‍ GDi വി6 എന്‍ജിന്‍, 268 ബിഎച്ച്പി പവറും 332 എന്‍എം ടോര്‍ക്കുമേകുന്ന 3.5 ലിറ്റര്‍ MPi വി6 പെട്രോള്‍ എന്‍ജിന്‍, 199 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ സ്മാര്‍ട്ട് സ്ട്രീം ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 

നിലവിലുള്ള മോഡലിനെക്കാള്‍ വലിപ്പത്തിലാണ് പുതിയ മോഡല്‍ എത്തുന്നത്. 40 എംഎം നീളവും 10 എംഎം വീതിയും 30 എംഎം വീല്‍ബേസും ഉയരും. 5155 എംഎം നീളവും 1995 എംഎം വീതിയും 3090 എംഎം വീല്‍ബേസുമായിരിക്കും കാര്‍ണിവലിന്റെ വലിപ്പം. ഏഴ് സീറ്റില്‍ 627 ലിറ്റര്‍ ബൂട്ട് സ്‌പേസാണുള്ളത് പിന്‍നിര സീറ്റ് മടക്കി ഇത് 2905 ലിറ്ററായി ഉയര്‍ത്താനും സാധിക്കും.

Content Highlights: Kia introduces all-new Carnival, offering unrivalled style, space and comfort