കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയയുടെ വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവ് നേരത്തെയാകുന്നു. സെപ്റ്റംബാര്‍ മാസത്തോടെ ആദ്യവാഹനം എത്തുമെന്നായിരുന്നു മുന്‍ സൂചനയെങ്കിലും ജൂണ്‍ 20-ന് ആദ്യ മോഡല്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് ഇന്ത്യകാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് അറിയിച്ചിരുന്നത് പോലെ കോംപാക്ട് എസ്‌യുവി മോഡലായ കിയ കണ്‍സെപ്റ്റ് എസ്‌യുവി ആയിരിക്കും ആദ്യവാഹനം. ഈ വാഹനത്തിന്റെ പേര് ട്രയല്‍സ്റ്റര്‍ എന്നായിരിക്കുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് കിയ മോട്ടോഴ്സിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഒന്നും ലഭിച്ചിട്ടില്ല.
കോംപാക്ട് എസ്യുവി ശ്രേണിയിലെത്തുന്ന ഈ മോഡല്‍ ക്രെറ്റയെക്കാള്‍ അല്‍പ്പം വലിപ്പം കൂടിയതായിരിക്കും. കിയയുടെ ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പും ഡിആര്‍എല്ലും, ബമ്പറിന്റെ ലോവര്‍ പോര്‍ഷനിലെ നല്‍കുന്ന ഫോഗ്ലാമ്പ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.
സ്പോട്ടി ഭാവമുള്ള പിന്‍ഭാഗമാണ് ഈ വാഹനത്തിനുള്ളത്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സ്പോര്‍ട്ടി ഭാവം ഒരുക്കുന്നത്.
ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറുകളാണ്.
ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുമെന്നാണ് സൂചന. 10 മുതല്‍ 16 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, ക്യാപ്ചര്‍, നിസാന്‍ കിക്സ് എന്നീ മോഡലുകളുമായി ഏറ്റുമുട്ടും.
കിയയുടെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള നിര്‍മാണ കേന്ദ്രത്തിലാണ് എസ്പി അടിസ്ഥാനത്തിലുള്ള എസ്.യു.വി.യുടെ നിര്‍മാണം നടക്കുന്നത്. വര്‍ഷംതോറും മൂന്ന് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഇവിടെനിന്നും നിര്‍മിക്കാന്‍ സാധിക്കും.
Content Highlights: Kia India Launch Its First Vehicle on June 20, 2019