കിയ ഇ.വി.6 ഇലക്ട്രിക് | Photo: Kia India
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയിട്ടുള്ള ആദ്യ ഇലക്ട്രിക് വാഹനം ഇ.വി.6 പുറത്തിറക്കി. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 59.65 ലക്ഷം രൂപയും 64.95 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ 100 യൂണിറ്റ് മാത്രമായിരിക്കും ആദ്യ ബാച്ചില്‍ എത്തുക.
മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി മെയ് 26-ന് ഇ.വി.6-ന്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 355 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചത്. ഇന്ത്യയിലെ 12 നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകളിലൂടെയാണ് ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഉയര്‍ന്ന ബുക്കിങ്ങ് ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ യൂണിറ്റ് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമാണ് ഇ.വി.6-ന് അടിസ്ഥാനമൊരുക്കുന്നത്. ഇതിനുപുറമെ, കിയ മോട്ടോഴ്സ് രൂപകല്‍പ്പന ചെയ്ത പുതിയ ഡിസൈന്‍ ഫിലോസഫി ഓപ്പോസിറ്റ്‌സ് യുണൈറ്റഡിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ.വി.6-നുണ്ട്. ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിലേക്കാണ് കിയ മോട്ടോഴ്‌സ് ഇ.വി.6 എന്ന ഇലക്ട്രിക് വാഹനത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള റെഗുലര്‍ വാഹനങ്ങളില്‍ ടൈഗര്‍ നോസ് ഗ്രില്ലാണ് അലങ്കരമെങ്കില്‍ ടൈഗര്‍ ഫെയ്സ് ഡിസൈനിലാണ് ഇ.വി.6-ന്റെ മുഖം ഒരുങ്ങിയിട്ടുള്ളത്. ഷാര്‍പ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, സ്ലീക്ക് ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വലിയ ബമ്പര്‍. ചെറിയ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. എയറോ ഡൈനാമിക കപ്പാസിറ്റി ഉയര്‍ത്തുന്ന രീതിയിലാണ് ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളത്.
ആഡംബരമെന്നത് അര്‍ഥവത്താക്കുന്ന തരത്തിലാണ് ഇ.വി.6-ന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. വലിയ എച്ച്.ഡി. ഓഡിയോ-വിഷ്വല്‍-നാവിഗേഷന്‍ സ്‌ക്രീന്‍, ഫ്ളോട്ടിങ്ങ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വിശാലമായ സ്റ്റോറേജ് സ്പേസ്, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്. കോക്പിറ്റ് മാതൃകയാണ് അകത്തളം ഡിസൈന്‍ ചെയ്തിട്ടുള്ളതെന്നതും പ്രത്യേകതയാണ്.
ഇ.വി.6 റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 226 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവില്‍ രണ്ട് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് 320 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റിയര്‍ വീല്‍ ഡ്രൈവ് പതിപ്പ് 528 കിലോമീറ്റര്‍ റേഞ്ചും ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 425 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്. 77.4 kWh ബാറ്ററി പാക്കാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്.
350 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം നിറയുമെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ടയര്‍ പ്രെഷര്‍ മോണിറ്റര്‍, എ.ബി.എസ്, ബി.എ.സി, ഇ.എസ്.സി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ്ങ് അസിസ്റ്റ്, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..