ലോകത്തെ എട്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ 'കിയ മോട്ടോഴ്സി'ന് ഇന്ത്യയില്‍ വന്‍ ലക്ഷ്യം. ആദ്യ മോഡലായ 'എസ്.പി. 2 ഐ' എന്ന കോംപാക്ട് സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനം (കോംപാക്ട് എസ്.യു.വി.) 2019 പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
പ്രതിവര്‍ഷം മൂന്നുലക്ഷം കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിയ മോട്ടോഴ്സ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഗ്രൂപ്പ്) യോങ് എസ്. കിം 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു.
ഓരോ ആറുമാസവും ഒരു പുതിയ മോഡല്‍ വീതം അവതരിപ്പിക്കാനാണ് കിയ മോട്ടോഴ്സ് ഒരുങ്ങുന്നത്. 2020 അവസാനത്തോടെ മൊത്തം മോഡലുകളുടെ എണ്ണം മൂന്നാകും. എസ്.പി.2.ഐ കഴിഞ്ഞാല്‍ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം (എം.പി.വി.) അവതരിപ്പിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിപണിയില്‍ എസ്.യു.വി., എം.പി.വി. വിഭാഗത്തിലായിരിക്കും തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രപ്രദേശിലെ അനന്ത്പുരില്‍ 536 ഏക്കറില്‍ വിപുലമായ ഫാക്ടറി സമുച്ചയം സജ്ജമായിട്ടുണ്ട്. അവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങി. പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങുന്നതോടെ, പ്രതിവര്‍ഷം മൂന്നുലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. 95 ശതമാനവും തദ്ദേശീയമായാണ് നിര്‍മിക്കുക.
ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിക്കു വേണ്ടിയുള്ളതായിരിക്കുമെന്നും കയറ്റുമതി ചെയ്യാന്‍ തത്കാലം പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറിയ, അമേരിക്ക, മെക്‌സിക്കോ, െസ്ലാവാക്യ എന്നിവിടങ്ങളിലായി 14 ഫാക്ടറികളാണ് കിയ മോട്ടോഴ്സിനുള്ളത്.
15-ാമത്തെ ഫാക്ടറിയാണ് ആന്ധ്രയില്‍ സജ്ജമായിരിക്കുന്നത്. മധ്യകേരളത്തിലെ ഡീലര്‍മാരായി 'നിപ്പോണ്‍' ഗ്രൂപ്പിന് കീഴിലുള്ള 'ഇഞ്ചിയോണ്‍ മോട്ടോഴ്സി'നെ പ്രഖ്യാപിക്കാനായി കൊച്ചിയിലെത്തിയതായിരുന്നു യോങ് എസ്. കിം.
Content Highlights: KIA Cars Will Launch Soon In India