ക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയയുടെ എംപിവി മോഡല്‍ കാര്‍ണിവല്‍ ഇന്ത്യയില്‍ എത്തിതുടങ്ങി. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും കാര്‍ണിവല്‍ എത്തുകയെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, കാര്‍ണിവലിന്റെ അത്യാഡംബര പതിപ്പായ ഹൈ-ലിമോസിനും ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കാര്‍ണിവലിന്റെ ഉയര്‍ന്ന വേരിയന്റായ ലിമോസിനെ അടിസ്ഥാനമാക്കിയാണ് ഈ അത്യാഡംബര പതിപ്പ് എത്തുന്നത്. ലിമോസില്‍ പോലെ ഏഴ് സീറ്റാണ് ഇതിലുമുള്ളത്. ഇന്റഗ്രേറ്റഡ്, റൂഫ് ബോക്‌സ് ഡിസൈനാണ് ഹൈ-ലിമോസിന്റെ പ്രത്യേകത. ഇത് വാഹനത്തിന്റെ ഹെഡ്‌റൂം ഉയര്‍ത്തും. ഇതിനൊപ്പം വലിയ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനും റൂഫില്‍ നല്‍കുന്നുണ്ട്.

മൂഡിനനുസരിച്ച് നിറം മാറ്റാവുന്ന ലൈറ്റുകള്‍, വിഐപി ആംറെസ്റ്റുകള്‍, മുന്‍നിര സീറ്റുകളുടെ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള ചൂടാക്കാനും തണിപ്പിക്കാനും കഴിയുന്ന കപ്പ് ഹോള്‍ഡറുകള്‍ എന്നിവ ഹൈ-ലിമോസിനില്‍ നല്‍കിയിരിക്കുന്ന അധിക ഫീച്ചറുകളാണ്. ഇതിനൊപ്പം ലിമോസില്‍ വേരിയന്റിലെ ഫീച്ചറുകളെല്ലാം ഈ വാഹനത്തിലും നല്‍കിയിട്ടുണ്ട്. 

24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് കിയ കാര്‍ണിവലിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍, കൂടുതല്‍ ആഡംബര വാഹനമായാതിനാല്‍ തന്നെ ഈ വാഹനത്തിന് വിലയും അല്‍പ്പം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളില്‍ പറഞ്ഞ മറ്റങ്ങളൊഴിച്ചാല്‍ ബാക്കിയുള്ളവയെല്ലാം റെഗുലര്‍ കാര്‍ണിവലിന് സമാനമാണ്.

5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ക്രോമിയം ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് മുന്‍വശം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങളാണ്. രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്നതാണ്.

UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. ഇതിനുപുറമെ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതില്‍ നല്‍കുക.

Content Highlights: Kia Carnival Hi-Limousine Variant Came To India