ന്ത്യയിലെ എംപിവി ശ്രേണി ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ കൈകളില്‍ ഭദ്രമാണ്. കാലാകാലങ്ങളിലായി പല എതിരാളികളും എത്തിയിട്ടുണ്ടെങ്കിലും ശ്രേണി ഭരിച്ചിരുന്നത് ഇന്നോവ തന്നെയാണ്. എന്നാല്‍, കിയ കാര്‍ണിവല്‍ എത്തുന്നതോടെ മത്സരം അല്‍പ്പം മുറുകാനാണ് സാധ്യത. കാരണം ബുക്കിങ്ങ് ആരംഭിച്ച് ആദ്യദിനം തന്നെ 1410 പേരാണ് ഈ വാഹനത്തിനായി എത്തിയിരിക്കുന്നത്. 

ജനുവരി 21-നാണ് കിയ, കാര്‍ണിവലിനായുള്ള ബുക്കിങ്ങ് തുറന്നത്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി കിയ ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈനായുമാണ് ബുക്കിങ്ങ് സ്വീകരിച്ചിരുന്നത്. ആദ്യദിനം ഈ രണ്ട് മാര്‍ഗങ്ങളിലൂടെയും 1410 പേരാണ് കാര്‍ണിവല്‍ ബുക്കുചെയ്തിരിക്കുന്നത്. ഏകദേശം 30 മുതല്‍ 38 ലക്ഷം രൂപ വരെയായിരിക്കും കിയ കാര്‍ണിവലിന്റെ വിലയെന്നാണ് സൂചനകള്‍. 

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കിയ കാര്‍ണിവല്‍ എത്തുന്നത്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് ഈ എംപിവി ലഭ്യമാകുക. ഏഴ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കുക. മധ്യനിരയില്‍ ലക്ഷ്വറി വിഐപി സീറ്റ് ഓപ്ഷണലാണ്. എട്ട് സീറ്ററില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഒമ്പത് സീറ്ററില്‍ ആറ് ക്യാപ്റ്റന്‍ സീറ്റുമാണ് ഒരുങ്ങുന്നത്. 

64 ശതമാനം ആളുകളും ബുക്കുചെയ്തിരിക്കുന്നത് കാര്‍ണിവലിന്റെ ഉയര്‍ന്ന വകഭേദമായ ലിമോസിനാണ്. രണ്ടാം നിരയിലും ക്യാപ്റ്റന്‍ സീറ്റ്, നാപ്പ ലെതറില്‍ തീര്‍ത്ത സീറ്റുകള്‍, ഡ്യുവല്‍ പാനല്‍ ഇലക്ട്രിക് സണ്‍റൂഫ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് പാസഞ്ചര്‍ സ്‌ക്രീന്‍, ലാപ്‌ടോപ്പ് ചാര്‍ജിങ്ങ് പോയിന്റ്, പവര്‍ സ്ലൈഡിങ്ങ് ഡോര്‍ എന്നിവയാണ് ലിമോസിന്‍ പതിപ്പിലെ ഹൈലൈറ്റ്. 

2.2 ലിറ്റര്‍ വിജിടി ബിഎസ്-6 ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്തേകുന്നത്. ഇത് 197 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റികാണ് ട്രാന്‍സ്മിഷന്‍. 13.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഉയര്‍ന്ന സുരക്ഷ സന്നാഹങ്ങളുമൊരുക്കും.

Content Highlights: Kia Carnival Gets 1410 Booking In First Day