കിയ മോട്ടോഴ്‌സിന്റെ എം.പി.വി. മോഡലായ കാര്‍ണിവലിന്റെ നാലാം തലമുറ പ്രഖ്യാപിച്ച് കഴിഞ്ഞു. ആഗോള നിരത്തുകളില്‍ 2021-ന്റെ തുടക്കത്തില്‍ തന്നെ ഈ വാഹനം എത്തിത്തുടങ്ങുമെന്നാണ് സൂചന. എന്നാല്‍, ഈ വാഹനം ഇന്ത്യയിലേക്ക് ഉടനെത്തില്ല. നിലവില്‍ നിരത്തിലുള്ള മോഡലിലൂടെ സ്വീകാര്യത വര്‍ധിപ്പിച്ച ശേഷമായിരിക്കും നാലാം തലമുറ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 

ഓഗസ്റ്റിലാണ് കിയയുടെ നാലാം തലമുറ കാര്‍ണിവല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. പുതിയ ഡിസൈനിലും കൂടുതല്‍ ഫീച്ചറുകളിലും വലിയ മാറ്റങ്ങളൊരുക്കിയാണ് കാര്‍ണിവലിന്റെ നാലാം തലമുറ നിരത്തുകളിലെത്താനൊരുങ്ങുന്നത്. വിദേശ വിപണികളില്‍ 2021-ന്റെ തുടക്കത്തിലെത്തുമെങ്കിലും ഇന്ത്യയില്‍ 2022-ഓടെ മാത്രം ഈ വാഹനം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ 3812 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

കാര്‍ണിവല്‍ ഇന്ത്യയിലെത്തിയ സമയം ശരിയായില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കാര്‍ണിവലിന്റെ അവതരണത്തിന് പിന്നാലെ കൊറോണ വൈറസ് ബാധയുണ്ടായത് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ വാഹനത്തിന്റെ വില്‍പ്പന ഉയര്‍ത്തിയ ശേഷമായിരിക്കും നാലാം തലമുറ ഇന്ത്യയിലെത്തിക്കുന്നത് പരിഗണിക്കുക.

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കാര്‍ണിവലിന്റെ മാര്‍ക്കറ്റിങ്ങും ആശയവിനിമയങ്ങളും കാര്യക്ഷമമായി നടത്താന്‍ സാധിച്ചിരുന്നില്ല. ഇത് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു. കാര്‍ണിവല്‍ ഉള്‍ക്കൊള്ളുന്ന ശ്രേണിയും മന്ദഗതിയിലാണ്. എന്നാല്‍, വൈകാതെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്നും കിയ മോട്ടോഴ്സ് പ്രസിഡന്റും സി.ഇ.ഒയുമായ ഹോ സുംഗ് സോംഗ് ഓട്ടോകാര്‍ ഇന്ത്യയോട് പറഞ്ഞു.

ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ കണ്ടുപരിചയമില്ലാത്തെ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് കിയ കാര്‍ണിവല്‍ നിരത്തുകളിലെത്തിയത്. വാഹനത്തിന്റെ സ്‌റ്റൈലിന് പുറമെ, സാങ്കേതികവിദ്യയിലും ഏറെ മുന്‍നിരയിലാണ് ഈ വാഹനം. UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് കാര്‍ണിവലിലെ ഹൈലൈറ്റ്. 

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 200 ബിഎച്ച്പി പവറും 440 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ എംപിയില്‍ ട്രാന്‍ഷ്മിഷന്‍ ഒരുക്കുന്നത്.

Source: Autocar India

Content Highlights: Kia Carnival Fourth Generation Delayed For India