കിയ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള ആഡംബര എം.പി.വിയാണ് കാര്‍ണിവല്‍. 2020-ല്‍ തലമുറ മാറ്റം വരുത്തി കൂടുതല്‍ കരുത്തനായ ഈ എം.പി.വി. ഇടി പരീക്ഷയില്‍ വിജയിച്ച് തന്റെ സുരക്ഷയും തെളിയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തനെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 

2020-ഫെബ്രുവരിയിലാണ് കാര്‍ണിവല്‍ എന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ഇതിനുപിന്നാലെ തന്നെ കാര്‍ണിവല്‍ എം.പി.വിയില്‍ തലമുറ മാറ്റവും സംഭവിക്കുകയായിരുന്നു. ഏതാനും ചില വിദേശ രാജ്യങ്ങളില്‍ മാത്രമാണ് കിയയുടെ പുതിയ കാര്‍ണിവല്‍ എത്തിയിട്ടുള്ളത്. അതേസമയം, ഈ പുതിയ മോഡല്‍ 2022-ല്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയ്ക്ക് ഹാജരായത്. വാഹനത്തിലെ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എം.പി.വി. സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എം.പി.വി. എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. 

മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച സ്‌കോറാണ് കാര്‍ണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എം.പി.വിക്ക് തിളങ്ങാനായി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റും വശങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 

വാഹനത്തിന്റെ കരുത്തിനൊപ്പം ഇതില്‍ നല്‍കിയിട്ടുള്ള ഐ.എസ്.ഒ. ഫിക്‌സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Content Highlights: Kia Carnival Achieve Five Star Rating In Australian NCAP Crash Test