ന്ത്യന്‍ നിരത്തുകളില്‍ നാലാമത്തെ മോഡല്‍ എത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. കോംപാക്ട് എസ്.യു.വി, മിഡ് സൈസ് എസ്.യു.വി, എം.പി.വി. എന്നീ മൂന്ന് ശ്രേണികളില്‍ സാന്നിധ്യമറിയിച്ച കിയയുടെ നാലാമത്തെ മോഡല്‍ എത്തുന്നത് പൂര്‍ണ എസ്.യു.വിയായാണ്. മൂന്ന് നിര സീറ്റുകളുമായെത്തുന്ന ഈ എസ്.യു.വിക്ക് കാരന്‍സ് എന്നാണ് കിയ പേര് നല്‍കിയിരിക്കുന്നത്. 

ആഗോള വിപണികള്‍ക്കായി കിയ മോട്ടോഴ്‌സ് ഒരുക്കുന്ന ഈ എസ്.യു.വിയുടെ അവതരണം ഡിസംബര്‍ 16-ാം തീയതി ഇന്ത്യയില്‍ നടക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയിലൂടെയാണ് ഈ വാഹനത്തിന്റെ വരവ് കിയ അറിയിക്കുകയും ഡിസൈന്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുകയും ചെയ്തിരിക്കുന്നത്. വിനോദത്തിന്റെ വാഹനം എന്നാണ് നിര്‍മാതാക്കള്‍ കാരന്‍സ് എസ്.യു.വിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

കിയയുടെ ആഗോള വാഹന നിരയില്‍ മുമ്പുണ്ടായിരുന്ന മോഡലായിരുന്നു കാരന്‍സ്. വിദേശ നിരത്തുകളില്‍ എം.പി.വിയായി എത്തിയിരുന്ന ഈ വാഹനം ഇന്ത്യയില്‍ എസ്.യു.വിയായാണ് പുനര്‍ജനിക്കുന്നത്. 1999 മുതല്‍ 2018 വരെ കാരന്‍സ് നിരത്തുകളില്‍ എത്തിയിരുന്നു. ഈ പേരാണ് ഇന്ത്യയില്‍ പുനര്‍ജനിക്കുന്നത്. കാരന്‍സ് എന്ന പേരിന് ഇന്ത്യയിലെ കിയ മോട്ടോഴ്‌സ് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയെന്നും ഇത് പുതിയ എസ്.യു.വിക്ക് നല്‍കുമെന്ന് മുമ്പ് സൂചനകള്‍ ലഭിച്ചിരുന്നു.

കിയ മോട്ടോഴ്‌സ് ഏറ്റവുമാദ്യം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് കാരന്‍സും ഒരുങ്ങിയിട്ടുള്ളത്. എന്നാല്‍, ലുക്കില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ ഹ്യുണ്ടായിയുടെ അല്‍കസാര്‍, മഹീന്ദ്ര എക്‌സ്.യു.വി.700, ടാറ്റ സഫാരി തുടങ്ങിയവയായിരിക്കും പ്രധാന എതിരാളികള്‍. എം.പി.വി. ശ്രേണിയിലെ വാഹനമാണെങ്കിലും എര്‍ട്ടിഗയും കാരന്‍സിന്റെ എതിരാളിയാകും.

പേര് പ്രഖ്യാപിക്കുന്നതിനൊപ്പം കാരന്‍സ് എസ്.യു.വിയുടെ ആദ്യ ടീസറും കിയ പുറത്തുവിട്ടിട്ടുണ്ട്. കിയ സെല്‍റ്റോസിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ആയിരിക്കും പ്രധാനമാറ്റമെന്നാണ് സൂചന. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ടൈഗര്‍ നോസ് ഗ്രില്ല്, പുതുതലമുറ കാര്‍ണിവലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഗ്രില്ലാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പുതുമയുള്ള ഡിസൈനിലാണ് ടെയ്ല്‍ലാമ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിയയുടെ പുതിയ ലോഗോയും പതിപ്പിച്ചിട്ടുണ്ട്.

മൂന്ന് നിരകളിലായി ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിലായിരിക്കും കിയയുടെ എം.പി.വി. ഒരുങ്ങുന്നത്. കിയയുടെ മറ്റ് മോഡലുകള്‍ക്ക് സമാനമായി മികച്ച സ്‌റ്റൈലും മികച്ച ഫീച്ചറുകളും ഈ വാഹനത്തിലും നല്‍കും. മെക്കാനിക്കല്‍ സംബന്ധമായി കൃത്യമായ വിവരം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷുകളിലും ഈ എം.പി.വിയെ പ്രതീക്ഷിക്കാം.

Content Highlights: Kia Carens Seven Seater SUV global debut on December 16, Kia motors, kia carens