ന്ത്യന്‍ നിരത്തുകളില്‍ ഇന്നോളം എത്തിച്ച വാഹനങ്ങളെല്ലാം ഹിറ്റാക്കിയ പാരമ്പര്യമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിനുള്ളത്. ഇതില്‍ തന്നെ സൂപ്പര്‍ ഹിറ്റായ വാഹനമാണ് സെല്‍റ്റോസ് എസ്.യു.വി. ഈ വാഹനം ഏറെ ജനപ്രീതി നേടിയത് കണക്കിലെടുത്ത് മൂന്ന് നിര സീറ്റുകളുമായി സെല്‍റ്റോസിന്റെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്നതായി സൂചന. കിയ കെ.വൈ. എന്ന കോഡ് നെയിമിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് വിവരം. 

കിയ മോട്ടോഴ്‌സ് പുതിയ മോഡലിനായി കാരന്‍സ് എന്ന പേര് ട്രേഡ് മാര്‍ക്ക് ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സെല്‍റ്റോസിന്റെ ഏഴ് സീറ്റര്‍ പതിപ്പിനായാണ് ഈ പേര് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് അഭ്യൂഹങ്ങള്‍. ഡിസംബര്‍ 16-ന് ഈ വാഹനത്തിന്റെ ആഗോള അവതരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിയയുടെ അനുബന്ധ കമ്പനിയായ ഹ്യുണ്ടായി അടുത്തിടെ അല്‍കസാര്‍ എന്ന പേരില്‍ ഏഴ് സീറ്റര്‍ എസ്.യു.വി. വിപണിയില്‍ എത്തിച്ചതിന് പിന്നാലെയാണ് ഈ വാഹനവുമെത്തുന്നത്. 

കിയയുടെ ഇന്ത്യയിലെ വാഹന നിരയില്‍ കാര്‍ണിവലിന് താഴെയായിരിക്കും കെ.വൈ. എസ്.യു.വിയുടെ സ്ഥാനമെന്നാണ് വിവരം. അതേസമയം, ഡിസൈനില്‍ സെല്‍റ്റോസുമായി സാമ്യം പുലര്‍ത്തുന്ന മോഡലായിരിക്കും ഇതെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ മുമ്പ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെല്‍റ്റോസിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് നല്‍കിയാണ് ഈ ഏഴ് സീറ്റര്‍ മോഡല്‍ ഒരുങ്ങിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ എസ്.യു.വികള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന എസ്.പി.2 പ്ലാറ്റ്ഫോമിലായിരിക്കും ഈ എം.പി.വിയും ഒരുങ്ങുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ, ഹ്യുണ്ടായി അല്‍കസാര്‍, ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്.യു.വി.700, എം.ജി. ഹെക്ടര്‍ പ്ലസ് തുടങ്ങി എതിരാളികളുടെ വലിയ നിരയുമായാണ് കിയയുടെ ഈ ഏഴ് സീറ്റര്‍ എസ്,യു.വിക്ക് ഏറ്റുമുട്ടേണ്ടി വരികയെന്നാണ് വിലയിരുത്തലുകള്‍. 

മൂന്ന് നിരകളിലായി ആറ് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനുകളിലായിരിക്കും കിയയുടെ എം.പി.വി. ഒരുങ്ങുന്നത്. കിയയുടെ മറ്റ് മോഡലുകള്‍ക്ക് സമാനമായി മികച്ച സ്റ്റൈലും മികച്ച ഫീച്ചറുകളും ഈ വാഹനത്തിലും നല്‍കും. മെക്കാനിക്കല്‍ സംബന്ധമായി കൃത്യമായ വിവരം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷുകളിലും ഈ എം.പി.വിയെ പ്രതീക്ഷിക്കാം.

Content Highlights: Kia Carens Seven Seater SUV global debut on December 16, Kia motors, kia carens