കിയ കാരൻസ് | Photo: Kia Motors
ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ ആധിപത്യം സ്ഥാപിക്കാനുറച്ച് കിയ മോട്ടോഴ്സിന്റെ നാലാമത്തെ മോഡല്‍ കാരന്‍സ് എം.പി.വി. ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന കാരന്‍സിന് 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. കുറഞ്ഞ വിലയില്‍ ഏറ്റവുമധികം ഫീച്ചറുകള്‍ നല്കുന്ന എം.പി.വിയാകും കാരന്‍സ്.
കിയയുടെ വാഹന നിരയിലെ നാലാമത്തെ മോഡലും രണ്ടാമത്തെ എം.പി.വിയുമായിരിക്കും കാരന്‍സ്. ആഡംബര ശ്രേണിയില്‍ എത്തിയിട്ടുള്ള കാര്ണവലാണ് ആദ്യ എം.പി.വി. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. 4540 എം.എം. ആണ് നീളം. വീതി 1800 എം.എമ്മും. 1700 എം.എം. ഉയരമുള്ള കാരന്‍സിന്റെ വീല്‍ബേസ് 2780 എം.എമ്മാണ്. 195 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.
എസ്.യു.വി. ഭാവത്തിലുള്ള രൂപകല്‍പ്പനയാണ് കാരന്‍സിന് കമ്പനി നല്‍കിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരന്‍സ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാല്‍ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തില്‍ കിയ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കാരന്‍സിന്റെ മറ്റൊരു സവിശേഷത. ബേസ് മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ ലഭ്യമാണ്.
ടൈഗര്‍ നോസ് ഫേസ്, എല്‍.ഇ.ഡി. ലൈറ്റുകള്‍ തുടങ്ങിയവ പുറംമോടി കൂട്ടുന്നു. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകര്‍ഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡോര്‍ പാഡുകളില്‍ ക്രോം ഗാര്‍ണിഷുകള്‍ നല്‍കിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ സെല്‍റ്റോസിനും സോണറ്റിനും സമാനമായതാണ് കാരന്‍സിലും നല്‍കിയിട്ടുള്ളത്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്സ്മിഷനുകളിലും വാഹനം ലഭ്യമാകും.
Content Highlights: Kia carens mpv launched in India, Kia Carens MPV, Kia Motors forth model in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..