ന്ത്യയിലെ മൂന്ന് നിര എം.പി.വി. വാഹനങ്ങളിലെ ഏറ്റവും പുതിയ സാന്നിധ്യമാകാനൊരുങ്ങുന്ന കിയ മോട്ടോഴ്‌സിന്റെ കാരന്‍സിന്റെ ബുക്കിങ്ങ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 14 മുതല്‍ ഈ വാഹനത്തിനുള്ള ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അനൗദ്യോഗിക ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായും വിവരമുണ്ട്. ഡിസംബര്‍ 16-ന് ആഗോളതലത്തില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിതരണം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എസ്.യു.വിയുടെ ലുക്കും എം.പി.വിയുടെ സ്‌പേസും ഒരുക്കി എത്തിയിട്ടുള്ള വാഹനമെന്നാണ് കാരന്‍സ് ഏറ്റവുമിണങ്ങുന്ന വിശേഷണം. പ്രധാനമായും ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമാണ് ഈ എം.പി.വി. എന്നാണ് കിയ മോട്ടോഴ്സ് അറിയിച്ചത്. കാരന്‍സിന്റെ ഉത്പാദനത്തിന്റെ 80 ശതമാനവും ഇന്ത്യയില്‍ വില്‍ക്കുകയും 20 ശതമാനം വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. ലെഫ്റ്റ് ഹാന്‍ഡ്, റൈറ്റ് ഹാന്‍ഡ് മോഡലുകള്‍ കയറ്റുമതി ചെയ്യുമെന്നാണ് വിവരം. 

കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. എസ്.യു.വിയുടെയും എം.പി.വിയുടെയും സവിശേഷതകളാണ് കാരന്‍സിന്റെ മറ്റൊരു ഹൈലൈറ്റ്. 4540 മില്ലിമീറ്റര്‍ ആണ് നീളം. വീതി 1800 മില്ലിമീറ്ററും. 1700 മിലിമീറ്റര്‍ ഉയരമുള്ള കാരന്‍സിന്റെ വീല്‍ബേസ് 2780 മിലിമീറ്ററാണ്. ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന വീല്‍ബേസാണിത്. 195 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 

എസ്.യു.വി. ഭാവത്തിലുള്ള ഡിസൈനാണ് കാരന്‍സിന് കമ്പനി നല്‍കിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരന്‍സ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാല്‍ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തില്‍ കിയ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കാരന്‍സിന്റെ മറ്റൊരു സവിശേഷത. ബേസ് മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ ലഭ്യമാണ്. 

ടൈഗര്‍ നോസ് ഗ്രില്ല്, എല്‍.ഇ.ഡി. ലൈറ്റുകള്‍ തുടങ്ങിയവ എക്സ്റ്റീരിയറിന് അഴകേകുമ്പോള്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ആകര്‍ഷണം. വീഡിയോ ടെലിമാറ്റിക് നാവിഗേഷനുമുണ്ട്. ഡോര്‍ പാഡുകളില്‍ ക്രോം ഗാര്‍ണിഷുകള്‍ നല്‍കിയിട്ടുള്ളത് അകത്തളത്തെ പ്രീമിയം ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗിയര്‍ ലിവര്‍, സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ സെല്‍റ്റോസിനും സോണറ്റിനും സമാനമായതാണ് കാരന്‍സിലും നല്‍കിയിട്ടുള്ളത്. 

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും.  6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും.

Content Highlights: Kia carens mpv booking date announce, carens will be launch on march 2022