കിയ കാരൻസ് | Photo: Kia Motors
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ പുത്തന്‍ ചുവടുവയ്പ്പ് എന്ന വിശേഷിപ്പിക്കാവുന്ന വാഹനമാണ് കാരന്‍സ് എന്ന എം.പി.വി. മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മൂന്ന് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫാമിലി വാഹനമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഒരുങ്ങിയിട്ടുള്ള കാരന്‍സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ മോഡല്‍ അനന്ത്പുരിലെ പ്ലാന്റില്‍ നിന്ന് ആഘോഷമായി പുറത്തിറങ്ങി.
അടുത്ത മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ബുക്കിങ്ങ് കിയ മോട്ടോഴ്‌സ് ജനുവരി 14-ന് ആരംഭിച്ചിരുന്നു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയായിരുന്നു ബുക്കിങ്ങ് സ്വീകരിച്ചിരുന്നത്. വില പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പോലും മികച്ച പ്രതികരണമാണ് ബുക്കിങ്ങിലുണ്ടായത്. ബുക്കിങ്ങ് തുറന്ന് 24 മണിക്കൂറില്‍ 7738 ആളുകള്‍ കിയ കാരന്‍സ് ബുക്കുചെയ്തിട്ടുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചത്.
കിയ മോട്ടോഴ്‌സ് പുതിയ യാത്ര ആരംഭിക്കുകയാണെന്നാണ് ആദ്യ വാഹനം പുറത്തിറക്കി കൊണ്ട് കിയ ഇന്ത്യ സി.ഇ.ഒ ടീ ജിന്‍ പാര്‍ക്ക് പറഞ്ഞത്. പുതുതലമുറ ഉപയോക്താക്കളെ ഉള്‍പ്പെടെ കിയ മോട്ടോഴ്‌സിലേക്ക് ആകര്‍ഷിക്കാന്‍ പോകുന്ന വാഹനമാണ് കാരന്‍സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇണങ്ങുന്ന ഈ വാഹനം എത്തിക്കാന്‍ കിയ ഫാമിലിയുടെ വലിയ പ്രയത്‌നം കാരന്‍സിന് പിന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗ് നല്‍കിയിട്ടുള്ളതും കാരന്‍സിന്റെ സവിശേഷതയാണ്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ കാരന്‍സ് എത്തുന്നുണ്ട്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് കാരന്‍സ് എത്തുന്നത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലും വാഹനം ലഭ്യമാകും.
Content Highlights: Kia carens first unit rolls out from Anathapur plant, kia carens, Kia Motors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..