കിയ | Photo: Kia Motors
അടിസ്ഥാന മോഡല്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന വാഹനം, സെഗ്മെന്റില്‍ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വന്തമാക്കാവുന്ന എം.പി.വി. തുടങ്ങി പല വിശേഷണങ്ങളും സ്വന്തമാക്കി എത്തിയ വാഹനമാണ് കിയയുടെ കാരന്‍സ്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വലിയ സ്വീകാര്യത നേടിയ ഈ വാഹനത്തിന്റെ ആദ്യ വില വര്‍ധന പ്രഖ്യാപിച്ചു. വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ 20,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് വില ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
കിയ കാരന്‍സിന്റെ അടിസ്ഥാന മോഡലായ 1.5 പെട്രോള്‍ പ്രീമിയം 8.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. എന്നാല്‍, പുതിയ വില വര്‍ധനവ് പ്രഖ്യാപിച്ചതോടെ 9.59 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്ഷോറും വില. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1.4 ജി.ഡി.ഐ. ലക്ഷ്വറി പ്ലസ് സെവന് സീറ്റര്‍ ഡി.സി.ടി. വേരിയന്റിന് 50,000 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. മുമ്പ് 16.99 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില 17.49 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്.
വര്‍ധിപ്പിച്ച വില അനുസരിച്ച് 9.59 ലക്ഷം രൂപ മുതല്‍ 17.69 ലക്ഷം രൂപ വരെയാണ് കാരന്‍സ് എം.പി.വിയുടെ എക്സ്ഷോറൂം വില. 1.5 പ്രസ്റ്റീജ് ഏഴ് സീറ്ററിന് 70,000 രൂപ, 1.4 GDi പ്രീമിയം ഏഴ് സീറ്ററിന് 20,000 രൂപ, 1.4 GDi പ്രസിറ്റീജ്, പ്രസ്റ്റീജ് പ്ലസ് എന്നീ ഏഴ് സീറ്ററുകൾക്ക് 40,000 രൂപ, പ്രസ്റ്റീജ് പ്ലസ് ഡി.സി.ടിക്ക് 20,000 രൂപ, 1.4 ലക്ഷ്വറി ഏഴ് സീറ്ററിന് 30,000 രൂപ, 1.4 ലക്ഷ്വറി ആറ് സീറ്ററിന് 35,000, ലക്ഷ്വറി പ്ലസ് ഏഴ് സീറ്ററിന് 40,000 രൂപ, ലക്ഷ്വറി പ്ലസ് ആറ് സീറ്റര്‍ ഡി.സി.ടിക്ക് 45,000 രൂപ, ലക്ഷ്വറി പ്ലസ് ഏഴ് സീറ്റര്‍ ഡി.സി.ടിക്ക് 50,000 എന്നിങ്ങനെയാണ് വില വര്‍ധനവ്.
കിയയുടെ വാഹന നിരയിലെ നാലാമത്തെ മോഡലും രണ്ടാമത്തെ എം.പി.വിയുമായിരിക്കും കാരന്‍സ്. ആഡംബര ശ്രേണിയില്‍ എത്തിയിട്ടുള്ള കാര്ണവലാണ് ആദ്യ എം.പി.വി. കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. 4540 എം.എം. ആണ് നീളം. വീതി 1800 എം.എമ്മും. 1700 എം.എം. ഉയരമുള്ള കാരന്‍സിന്റെ വീല്‍ബേസ് 2780 എം.എമ്മാണ്. 195 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.
എസ്.യു.വി. ഭാവത്തിലുള്ള രൂപകല്‍പ്പനയാണ് കാരന്‍സിന് കമ്പനി നല്‍കിയിട്ടുള്ളത്. മൂന്നുനിരകളുള്ള ആറ്, ഏഴ് സീറ്റ് ഓപ്ഷനിലാണ് കാരന്‍സ് വിപണിയിലെത്തുക. വിശാലമായ ഇന്റീരിയറും എണ്ണിയാല്‍ തീരാത്ത ഫീച്ചറുകളും പുതിയ വാഹനത്തില്‍ കിയ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് കാരന്‍സിന്റെ മറ്റൊരു സവിശേഷത. ബേസ് മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ ലഭ്യമാണ്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്സ്മിഷനുകളിലും വാഹനം ലഭ്യമാകും.
Content Highlights: Kia Carens announce its first price hike, Kia Carens MPV, Price Hike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..