കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പിനായി ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സ്ണ്‍ ഇ.വി എത്തിതുടങ്ങി. വകുപ്പിന്റെ സേഫ് കേരളയുടെ ഭാഗമായാണ് നെക്‌സോണ്‍ ഇ.വിയുടെ ഉയര്‍ന്ന വകഭേദമായ XZ+ വേരിയന്റ് എത്തിയിട്ടുള്ളത്. സേഫ് കേരള പദ്ധതിക്കായി 65 ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് വാടകയക്ക് എടുത്തുന്നതിന് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഈ വാഹനം എത്തിത്തുടങ്ങിയെന്ന് സൂചന നല്‍കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ള നിറത്തിലുള്ള നെക്‌സോണ്‍ ഇ.വിയുടെ ബോണറ്റിലും മുന്നിലെ ഡോറിലും കേരള എംവിഡിയുടെ ലോഗോ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം വശങ്ങളില്‍ എംവിഡി എന്ന് രേഖപ്പെടുത്തുകയും  ഗ്രാഫിക്‌സുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

അനെര്‍ട്ട് വഴിയാണ് മോട്ടോര്‍ വാഹനവകുപ്പിന് വൈദ്യുതി വാഹനങ്ങള്‍ എത്തുകയെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. ഏകദേശം 35,000 രൂപയായിരിക്കും ഒരു വാഹനത്തിന്റെ മാസവാടക. ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍വരെ ഓടാന്‍ കഴിയുന്നവയാണ് ഈ വാഹനങ്ങള്‍. സെഡാന്‍ കാറുകളെക്കാള്‍ മൈലേജ് ഇവയ്ക്കുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

സേഫ്‌കേരള വിഭാഗം രൂപവത്കൃതമായിട്ടും വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ വാഹനപരിശോധന കാര്യക്ഷമമായിരുന്നില്ല. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ സജ്ജീകരണമൊരുക്കും. 24 മണിക്കൂറും റോഡ് പരിശോധന നടത്തി നിയമലംഘനങ്ങള്‍ തടയുകയാണ് സേഫ് കേരളയുടെ ലക്ഷ്യം.

ഇന്ത്യയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്യുവിയാണ് നെക്സോണ്‍ ഇവി. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 

ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

Content Highlights: Kerala Motor Vehicle Department Bought Tata Nexon EV For Safe Kerala Initiative