കാവസാക്കിയുടെ നിന്‍ജ 400 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 4.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇതിന്റെ മുന്‍ഗാമിയായ നിന്‍ജ 300 പിന്‍വലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രണ്ട് മോഡലുകളും വില്പനയുണ്ടാവുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ഗാമിയുടെ അതേ രൂപകല്‍പ്പന തന്നെയാണ് നിന്‍ജ 400-നും നല്‍കിയിട്ടുള്ളത്. സ്പ്‌ളിറ്റ് എല്‍.ഇ.ഡി. ഹെഡ്ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്  ക്ലസ്റ്റര്‍ആം, വലിയ അനലോഗ് ടാക്കോമീറ്റര്‍ എന്നിവയടങ്ങിയതാണ് മുന്‍ഭാഗം.

ലിക്വിഡ് കൂള്‍ഡ് 399 സി.സി. പാരലല്‍ ട്വിന്‍ എന്‍ജിന്‍ 38 എന്‍. എം. ടോര്‍ക്കില്‍ 48.3 എച്ച്.പി.യാണ് കരുത്ത് നല്‍കുക. സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷനും സ്‌ളിപ്പര്‍ ക്‌ളച്ചും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

ബൈക്കിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യയും നിന്‍ജ 400- ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ജപ്പാനീസ് ഭീമന്‍ അവകാശപ്പെടുന്നത്.

നിന്‍ജ 300 സ്‌പോര്‍ട്സ് ബൈക്ക് ഓടിക്കുന്ന തുടക്കക്കാര്‍ക്കും നിന്‍ജ 650 പരിശീലനം നേടിയവര്‍ക്കും വേണ്ടിയായിരുന്നു ഇറക്കിയത്.  
ഇപ്പോള്‍ വരുന്ന നിന്‍ജ 400 ഇതിന് രണ്ടിനും ഇടയില്‍ വരുന്ന സ്‌പോര്‍ട്സ് ബൈക്ക് പ്രേമികള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് മാനേജിങ്ങ് ഡയറക്ടര്‍ യുതാക്ക യമാഷിത പറയുന്നത്.

168 കിലോഗ്രാമാണ് നിന്‍ജ 400-ന്റെ ഭാരം. മുന്‍ഗാമിയേക്കാളും ആറുകിലോ കുറവാണിതിന്. പുതിയ ഫ്രെയിം ഉപയോഗിച്ചതുകൊണ്ടാണീ ഭാരക്കുറവ്. ഇന്ധനടാങ്കിന്റെ വലുപ്പവും കുറച്ചിട്ടുണ്ട്. പുതിയതില്‍ 13.6 ലിറ്ററാണ് ഇന്ധനം കൊള്ളുക. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. സ്റ്റാന്‍ഡേര്‍ഡായുണ്ട്.

യമഹ വൈ ഇസെഡ് എഫ് ആര്‍ 3, ബെന്നലി 302 ആര്‍, കെ.ടി. എം.ആര്‍.സി.390 എന്നിവരുമായിട്ടായിരിക്കും നിന്‍ജ 400 ഇന്ത്യയില്‍ മത്സരിക്കുക. 

Content Highlights; Kawasaki Ninja 400 Launched in India