മൂന്നുകോടി പത്തുലക്ഷത്തിന്റെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി. മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. 

കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്. 

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. 

നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം. 

ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിര്‍മാണക്കമ്പനിയില്‍ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്. അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.

Content Highlights: Kannur  Native Amjad Sithara Bought Mercedes Benz Luxury SUV